യുഎഇ ദേശീയ ദിനം: ദുബായിൽ സ്‌കൂളുകൾക്ക് 3 ദിവസം അവധി

ദുബായ് : രാജ്യത്തിന്റെ 55–-ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്നുദിവസം അവധി. ഡിസംബർ രണ്ടുമുതൽ നാലുവരെയാണ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധികൂടി ചേരുന്നതോടെ വിദ്യാർഥികൾക്ക് തുടർച്ചയായി അഞ്ചുദിവസം അവധി ലഭിക്കും.
ദുബായിലെ ശിശുപരിപാലന കേന്ദ്രങ്ങൾക്ക് ഡിസംബർ രണ്ടിനും മൂന്നിനും അവധിയായിരിക്കും. കുടുംബങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ച് ഡിസംബർ നാലിനും അവധി നൽകാൻ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ ഏഴിന് പ്രവർത്തനം പുനരാരംഭിക്കും. ദുബായ് സർക്കാർ ജീവനക്കാർക്കും രണ്ടുമുതൽ നാലുവരെ മൂന്നുദിവസത്തെ അവധിയാണ്. വാരാന്ത്യംകൂടി ചേരുന്നതോടെ ഇവർക്കും അഞ്ചുദിവസത്തെ ഇടവേള ലഭിക്കും. യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് രണ്ടിനും മൂന്നിനും ദേശീയദിന അവധിയായിരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു.








0 comments