ad
Deshabhimani

ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു; ജഡേജയ്ക്ക് തിരിച്ചുവരവ്, പുതുമുഖമായി സാരാന്‍ഷ് ജെയ്ന്‍

jadeja
വെബ് ഡെസ്ക്

Published on Jul 28, 2026, 03:52 PM | 2 min read

ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മോചിതനായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ, സ്പിൻ ഓൾറൗണ്ടറായ സാരാന്‍ഷ് ജെയിൻ ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം നേടി.


2026 ഐപിഎല്ലിനിടെ പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ജഡേജ, പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ സ്പിൻ അനുകൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് അദ്ദേഹത്തെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത്.


ഇംഗ്ലണ്ട് പര്യടനത്തിനിടെയുണ്ടായ ഹാംസ്ട്രിംഗ് പരിക്ക് കാരണം വാഷിങ്ടൺ സുന്ദറിനെ ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി. അദ്ദേഹത്തിന് പകരമായാണ് സാരാന്‍ഷ് ജെയ്ന് സെലക്ടർമാർ അവസരം നൽകിയത്.


മധ്യപ്രദേശിനായി ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച സാരാന്‍ഷ് ജെയ്ന് അടുത്തിടെ ശ്രീലങ്ക എയ്‌ക്കെതിരായി ഇന്ത്യ എ ടീമിനായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 27.30 ശരാശരിയിൽ 181 വിക്കറ്റുകൾ ജെയിൻ നേടിയിട്ടുണ്ട്. ഒരു ഇന്നിങ്സിലെ മികച്ച ബൗളിങ് പ്രകടനം 75 റൺസിന്‌ 6 വിക്കറ്റാണ്.


ബാറ്റിങ്ങിലും ടീമിന് കരുത്തായേക്കാവുന്ന താരമാണ് ജെയിൻ. ഇടംകൈയൻ ബാറ്ററായ അദ്ദേഹം 85 ഫസ്റ്റ് ക്ലാസ് ഇന്നിങ്സുകളിൽ നിന്ന് 31.75 ആണ് ബാറ്റിങ് ശരാശരിയിൽ 2,223 റൺസ് നേടിയിട്ടുണ്ട്. 14 അർധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.


ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഓഗസ്റ്റ് 7 മുതൽ കൊളംബോയിൽ നാല് ദിവസത്തെ പരിശീലന മത്സരം നടക്കുമെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. സായി സുദർശന്റെയും ജസ്പ്രീത് ബുംറയുടെയും ലഭ്യത ബിസിസിഐ സെന്റർ ഓഫ് എക്സലൻസിന്റെ ഫിറ്റ്നസ് അനുമതിക്ക് വിധേയമായിരിക്കുമെന്നും ബോർഡ് അറിയിച്ചു.


ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായി സുദർശൻ*, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മനവ് സുതാർ, ജസ്പ്രീത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാന്‍ഷ് ജെയിൻ


ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ഓഗസ്റ്റ് 7-ന് കൊളംബോയിൽ നടക്കുന്ന പരിശീലന മത്സരത്തോടെയാണ് ആരംഭിക്കുക. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ 19 വരെ ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലും നടക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home