Deshabhimani

സൗഹൃദ ഫുട്ബോൾ: ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് വീണ്ടും തോൽവി

Football

Phto: PTI

വെബ് ഡെസ്ക്

Published on Nov 15, 2026, 11:36 AM | 1 min read

ക്രൈസ്റ്റ്ചർച്ച് : ന്യൂസിലൻഡിനെതിരായ രണ്ടാം രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിലും ഇന്ത്യക്ക് തോൽവി. ക്രൈസ്റ്റ്ചർച്ചിലെ വൺ ന്യൂസിലൻഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ ഇന്ത്യ 0-5ന് തോറ്റിരുന്നു.


ന്യൂസിലൻഡിനായി ഫിൻ സർമാണ് (22-ാം മിനിറ്റ്), ജെയിംസ് മക്‌ഗാരി (40), ക്രിസ് വുഡ് (44) എന്നിവർ ഗോളുകൾ നേടി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിയ ഇന്ത്യക്ക് തിരിച്ചുവരാനായില്ല.


ആദ്യ പകുതിയിൽ പ്രതിരോധത്തിൽ ചില മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും 22-ാം മിനിറ്റിൽ ഫിൻ സർമാണ് ന്യൂസിലൻഡിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. കോർണറിൽനിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. 40-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെ മക്‌ഗാരി ലീഡുയർത്തി. നാല് മിനിറ്റിനുശേഷം ജെസ്സി റാൻഡലിന്റെ പാസിൽ ക്രിസ് വുഡ് മൂന്നാം ഗോളും നേടി.


രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ മാറ്റങ്ങൾ വരുത്തിയ ഇന്ത്യ കൂടുതൽ ഗോളുകൾ വഴങ്ങിയില്ല. ഗോൾകീപ്പർ ഹൃതിക് തിവാരിയുടെയും ബിജോയ് വർഗീസിന്റെയും പ്രകടനം ശ്രദ്ധേയമായി. 85-ാം മിനിറ്റിൽ ന്യൂസിലൻഡിന്റെ ഹെഡർ ഗോൾവരയിൽനിന്ന് ക്ലിയർ ചെയ്ത് ബിജോയ് ടീമിന്റെ രക്ഷകനായി.


എന്നാൽ ആക്രമണത്തിൽ ഇന്ത്യക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. 90 മിനിറ്റിനിടെ ന്യൂസിലൻഡ് പ്രതിരോധത്തിന് കാര്യമായ വെല്ലുവിളി ഉയർത്താനും ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞില്ല. ഖാലിദ് ജമീലിന്റെ പരിശീലനത്തിൽ കളിച്ച ഇന്ത്യക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും കനത്ത തോൽവിയാണ് നേരിടേണ്ടിവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home