അൽ ഖലീജിൽ പുതിയ തുരങ്കം തുറന്നു

ദുബായ് : അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച അൽ ഖലീജ് തെരുവിലെ തുരങ്കം ദുബായ് ആർടിഎ ഗതാഗതത്തിനായി തുറന്നുകൊടുത്തു. 1650 മീറ്റർ നീളമുള്ള തുരങ്കം ദെയ്‌റയിലെ ഇൻഫിനിറ്റി പാലത്തിന്റെ റാമ്പ് അവസാനിക്കുന്നിടത്തുനിന്ന് അൽ ഖലീജ് തെരുവും അൽ വുഹൈദ തെരുവും ചേരുന്ന കവലവരെയാണ് നീളുന്നത്. ഇരുദിശകളിലുമായി മൂന്നുവരികളുള്ള തുരങ്കത്തിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാം.
പദ്ധതിയുടെ ഭാഗമായി കെയ്‌റോ തെരുവിലെയും അൽ വുഹൈദ തെരുവിലെയും വൃത്താകൃതിയിലുള്ള തെരുവുകൾ സിഗ-്‌നൽ നിയന്ത്രിത തെരുവുകളാക്കി മാറ്റി. കെയ്‌റോ തെരുവിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ദുബായ് ഐലൻഡ്‌സിൽനിന്നുള്ള പാലത്തിന്റെ റാംപ് അൽ മംസാറിലേക്കുള്ള പുതിയ തുരങ്കവുമായി ബന്ധിപ്പിക്കുകയും ചെയ-്‌തു.
ദുബായുടെ ആകാശക്കാഴ-്‌ചകൾ ചിത്രീകരിച്ച 3.5 കോടി മൊസൈക് കഷണങ്ങൾ ഉപയോഗിച്ചാണ് തുരങ്കത്തിന്റെ ഉൾഭാഗം അലങ്കരിച്ചിരിക്കുന്നത്. ദുബായ് തുരങ്ക പദ്ധതിയുടെ ഭാഗമായി എമിറാത്തി കലാകാരി മറിയം അൽ ഹത്ബൂർ ആണ് ഇത് രൂപകൽപന ചെയ-്‌തത്. നിർമാണം ആരംഭിച്ചശേഷം ഏകദേശം 1.1 കോടി തൊഴിൽ മണിക്കൂറുകൾ പദ്ധതിക്കായി ചെലവഴിച്ചു. 2200 എൻജിനിയർമാരും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും 350 യന്ത്രസാമഗ്രികളും നിർമാണത്തിൽ പങ്കാളികളായി. തുരങ്ക നിർമാണത്തിനായി കുഴിച്ചെടുത്ത വസ-്‌തുക്കളിൽ 77 ശതമാനവും പുനരുപയോഗിച്ചു. ഇതിൽ 5.22 ലക്ഷം ഘനമീറ്റർ വസ-്‌തുക്കൾ ആർടിഎയുടെയും മറ്റ് സ്ഥാപനങ്ങളുടെയും പദ്ധതികൾക്കായി ഉപയോഗിച്ചു.
13 കിലോമീറ്റർ ദൈർഘ്യമുള്ള അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയം ഒരു മണിക്കൂർ 44 മിനിറ്റിൽനിന്ന് 16 മിനിറ്റായി കുറയുമെന്ന് ആർടിഎ ഡയറക-്‌ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. പത്തുലക്ഷം ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയിൽ 15 പ്രധാന കവലകളുടെ വികസനവും ഉൾപ്പെടുന്നു. ദുബായ് ഐലൻഡ്‌സ്, ദുബായ് വാട്ടർഫ്രണ്ട്, ദുബായ് മാരിടൈം സിറ്റി, പോർട്ട് റാഷിദ് തുടങ്ങിയ മേഖലകൾക്ക് പദ്ധതി പ്രയോജനപ്പെടും.








0 comments