അഫ്ഗാനെ തിരിച്ചടിച്ചുപരത്തി ഇന്ത്യൻ കൗമാരപ്പട; ചരിത്രജയത്തോടെ ഫൈനലിൽ; മലയാളിതാരത്തിന് സെഞ്ചുറി

Photo Credit: BCCI
ഹരാരെ: ചരിത്ര ജയത്തോടെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലേക്ക് കുതിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 310 എന്ന കൂറ്റൻ വിജയലക്ഷ്യം 53 പന്ത് ബാക്കിനിൽക്കെ ഇന്ത്യ നേടി. മൂന്ന് വിക്കറ്റുകൾ മാത്രമാണ് നഷ്ടമായത്. അണ്ടര്‍ 19 ലോകകപ്പില്‍ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇന്ത്യയുടേത്. ഒറ്റക്കളിയും തോൽക്കാതെയാണ് അഞ്ച് തവണ ചാമ്പ്യൻമാരായ ഇന്ത്യ ഫൈനലിലെത്തിയത്.
സ്കോർ: അഫ്ഗാനിസ്ഥാൻ- 310/4, ഇന്ത്യ- 311/3 (41.1/50).
104 പന്തില്‍ 115 റണ്‍സ് നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജും 33 പന്തില്‍ കൂറ്റനടിയുമായി 68 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയുമാണ് ഇന്ത്യന്‍ വിജയത്തിന്‍റെ നെടുംതൂണ്‍. ക്യാപ്റ്റൻ ആയുഷ് മാത്രെയും 59 പന്തില്‍ 62 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായകമായി. വിഹാന്‍ മല്‍ഹോത്ര (47 പന്തില്‍ 38 റണ്‍സ്), വേദന്ത് തിവാരി (6 പന്തില്‍ 5 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്ന് വിജയം ഉറപ്പാക്കി.
നേരത്തെ, സെഞ്ചുറി കൂട്ടുകെട്ടുമായി ഉസൈറുള്ള നിയാസിയിയും (86 പന്തിൽ 101*) ഫൈസൽ ഖാനും (93 പന്തിൽ 110) ഇന്ത്യൻ ബോളർമാരെ അടിച്ച് പറത്തിയാണ് റൺമല കെട്ടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് അഫ്ഗാന് നല് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഓപ്പണർ ഉസ്മാൻ സാദത്ത് (39) ഖാലിദ് അഹമ്മദ് സായി (31) പുറത്തായതിന് പിന്നാലെ ഒരുമിച്ച ഉസൈറുള്ളയും ഫൈസലും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 148 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറിൽ സെഞ്ചുറിയിലെത്തിയ ഉസൈറുള്ള പുറത്താകാതെ നിന്നു. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു.
വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 27 റണ്ണിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.









0 comments