ad
Deshabhimani

യുഡിഎഫിന്റെ ഭരണപരാജയം മറയ്ക്കാൻ ചില മാധ്യമങ്ങൾ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു: സിപിഐ എം

nellad road
വെബ് ഡെസ്ക്

Published on Jun 12, 2026, 09:16 PM | 2 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ അവലോകനവുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ യുഡിഎഫിന്റെ ഭരണപരാജയം മറയ്ക്കാനാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.


തെരഞ്ഞെടുപ്പ്‌ പരാജയം വിലയിരുത്തി സിപിഐ എം തയ്യാറാക്കിയ റിപ്പോർട്ടിൽ അസംതൃപ്‌തി കീഴ്‌ഘടകങ്ങളിലേക്ക്‌ വ്യാപിക്കുന്നു എന്നാണ്‌ ചിലർ കണ്ടുപിടിച്ചിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ പരാജയവുമായി ബന്ധപ്പെട്ട്‌ കീഴ്‌ഘടകങ്ങളിൽ ചർച്ച നടത്തി അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ സംസ്ഥാന കമ്മിറ്റി ഐക്യകണ്‌ഠേന അംഗീകരിക്കുകയാണ്‌ ചെയ്‌തത്‌. ആ റിപ്പോർട്ടിനെ സംബന്ധിച്ചാണ്‌ നേതാക്കൾക്കിടയിൽ അസംതൃപ്‌തിയുണ്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത്‌. നേരത്തെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ പിബിയിൽ വോട്ടെടുപ്പ്‌ നടന്നു എന്ന രീതിയിൽ കള്ളപ്രചരണം നടത്തിയ മാധ്യമം തന്നെയാണ്‌ ഈ പ്രചരണവുമായി ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്‌.


സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ ചേർന്ന ജില്ലാ കമ്മിറ്റികളിൽ ശക്തമായ എതിർപ്പാണ്‌ ഉയരുന്നതെന്നും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജില്ലാ കമ്മിറ്റി യോഗങ്ങൾ പൂർത്തീകരിച്ച്‌ മേഖലാതല റിപ്പോർട്ടിംഗിലേക്ക്‌ കടന്നിരിക്കുന്ന സാഹചര്യത്തിലാണ്‌ ഇത്തരമൊരു വാർത്തകളുമായി ഇവർ രംഗത്തിറങ്ങിയിരിക്കുന്നത്‌. തളിപ്പറമ്പ്‌ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടും കള്ളക്കഥകൾ പ്രചരിപ്പിക്കുവാനും അവർ ശ്രമിക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ കണ്ണൂർ ജില്ലാ കമ്മിറ്റിയും പാർടി സംസ്ഥാന കമ്മിറ്റിയും പരിശോധന നടത്തി ഉണ്ടായ തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെ തന്നെ വ്യക്തമാക്കുകയും ചെയ്‌തതാണ്‌. എന്നിട്ടാണ്‌ പുതിയ കള്ളക്കഥകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌.


സെക്രട്ടറിയേറ്റ്‌ ഐക്യകണ്‌ഠേന എടുത്ത തീരുമാനങ്ങളിൽ ചിലർക്ക്‌ അഭിപ്രായ വ്യത്യാസമുണ്ടെന്ന രീതിയിൽ വാർത്ത പ്രചരിപ്പിക്കുന്നത്‌ വസ്‌തുതാപരമല്ല. ആ​ഗസ്തിൽ വിപുലീകൃതമായ സംസ്ഥാന കമ്മിറ്റിയും ജില്ലാ- ഏരിയാ കമ്മിറ്റികളും ചേരുന്നത്‌ പാർടിയുടെ സംഘടനാപരമായ ദൗർബല്യങ്ങൾ പരിശോധിച്ച്‌ തിരുത്തുന്നതിന്‌ വേണ്ടിയാണ്‌. അതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ കള്ളപ്രചാരവേല നടത്താനാണ്‌ ഇവർ പരിശ്രമിക്കുന്നത്‌.


സ്ഥാപിത താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ പാർടി വിട്ടുപോയി മത്സരിച്ചയാളുകളും പാർടിയെ രക്ഷപ്പെടുത്താനെന്ന വ്യാജേന കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്‌. അധികാരമോഹത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ പാർടി വിട്ടുപോയി യു.ഡി.എഫിലെത്തിയവരാണ്‌ അവരുടെ തെറ്റുകളെ ന്യായീകരിക്കാൻ വേണ്ടി കള്ളക്കഥകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌.


ജനങ്ങളിൽ നിന്ന്‌ വോട്ടുകിട്ടാൻ പൊള്ളയായ വാഗ്‌ദാനങ്ങളുമായി രംഗത്തുവന്ന യുഡിഎഫിന്റെ പൊയ്‌മുഖം പുറത്തായ ഘട്ടത്തിലാണ്‌ അത്‌ തമസ്‌കരിക്കാൻ വേണ്ടി വലതുപക്ഷ മാധ്യമങ്ങൾ സി.പി.ഐ.എമ്മിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്‌. ആദ്യ ക്യാബിനറ്റിൽ ആശാ വർക്കർമാർക്ക്‌ 21,000 രൂപ ഹോണറേറിയവും ജൂൺ 15നോടെ മുഴുവൻ കെഎസ്‌‍ആർടിസിയിൽ സ്‌ത്രീകൾക്ക്‌ സൗജന്യ യാത്ര തുടങ്ങിയ വാഗ്‌ദാനങ്ങൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്‌.


പിഎംശ്രീ പദ്ധതിക്കെതിരെ രംഗത്തുവന്നവർ അതിൽ ഒപ്പിടാൻ തയ്യാറായിരിക്കുകയാണ്‌. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഒരക്ഷരം പറയാതെ അവരുടെ നയങ്ങൾ യുഡിഎഫ്‌ സ്വീകരിച്ചിരിക്കുകയാണ്‌. പെട്രോളിനും പാചകവാതകത്തിനും വില വർദ്ധിപ്പിച്ചപ്പോഴും സംസ്ഥാന സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്‌. എം ജി യൂണിവേഴ്‌സിറ്റിയിൽ ഗവർണറുടെ കാവിവൽക്കരണ അജണ്ടകളുമായി സമരസപ്പെട്ടിരിക്കുകയാണ്‌ യുഡിഎഫ്‌.


എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിരുത്തരവാദപരമായി പറഞ്ഞ പ്രസ്‌താവനകൾ യുഡിഎഫിന്‌ തന്നെ തിരിഞ്ഞ്‌ കുത്തുകയാണ്‌. മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാടകങ്ങളും ജനങ്ങളുടെ അസംതൃപ്‌തി വിളിച്ചുവരുത്തിയിട്ടുണ്ട്‌. വന്യമൃഗ ആക്രമണത്തിൽ പാവപ്പെട്ടവർ മരണപ്പെട്ടിട്ടും നിരുത്തരവാദപരമായ നിലപാടാണ്‌ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്‌. ശബരിമലയിലെ സ്വർണ്ണക്കള്ളകടത്ത്‌ കേസിലെ പ്രതികളുടെ അഭിഭാഷകനെ സർക്കാർ പ്ലീഡറായി പ്രത്യേകനിയമനവും നൽകിയിരിക്കുകയാണ്‌. സർക്കാരിന്റെ ഇത്തരിലുള്ള പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ അവമതിപ്പ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌. ഇവ മറച്ചുപിടിക്കാനാണ്‌ സിപിഐ എം അതിന്റെ സംഘടനാതത്വങ്ങൾക്ക്‌ അനുസരിച്ച്‌ നടത്തിയ തെരഞ്ഞെടുപ്പ്‌ പരിശോധനയെ വിനിയോഗിച്ച്‌ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ്‌ ചില മാധ്യങ്ങൾ പരിശ്രമിക്കുന്നത്‌. സിപിഐ എം അതിന്റെ സംഘടനാ തത്വങ്ങൾക്ക്‌ അനുസരിച്ച്‌ നടത്തുന്ന പ്രവർത്തനങ്ങളെ തെറ്റായ വ്യാഖ്യാനം നടത്തി ജനങ്ങളിൽ അങ്കലാപ്പുണ്ടാക്കാനുള്ള ശ്രമത്തെ തിരച്ചറിയണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home