ad
Deshabhimani

ബലാത്സംഗ കേസ് ഒത്തുതീർപ്പിലൂടെ റദ്ദാക്കാനാവില്ല: ഹെെക്കോടതി

high court
വെബ് ഡെസ്ക്

Published on Jun 12, 2026, 09:06 PM | 1 min read

കൊച്ചി: പ്രതിശ്രുതവരനെതിരായ ബലാത്സംഗ കേസ് ഒത്തുതീർപ്പിലൂടെ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹനിശ്ചയത്തിനുശേഷം വരൻ ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ തള്ളിയത്.


പ്രണയിതാക്കളായിരുന്ന എംബിബിഎസ് ബിരുദധാരികളാണ്‌ കേസിലെ വാദിയും പ്രതിയും. കേസ് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് യുവതി നൽകിയ സത്യവാങ്ങ്മൂലത്തോടൊപ്പം യുവാവ് നൽകിയ ഹർജിയാണ് തള്ളിയത്. കുറ്റകൃത്യം നടന്നുവെന്ന പരാതിക്കാരിയുടെ മൊഴിയിലാണ് പൊലീസ് കേസെടുത്തതെന്നും അവിവാഹിതയായ യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയത്‌ ഹീനമായ കുറ്റകൃത്യമാണന്നും കേസ് റദ്ദാക്കാനുള്ള വിവേചനാധികാരം വിനിയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് നേരത്തെ സമാനരീതിയിൽ ഇരുവരും കോടതിയെ സമീപിച്ചെങ്കിലും പിന്നിട് യുവതി ഹർജി പിൻവലിച്ചിരുന്നു. ഇതിൽനിന്ന്‌ അവർക്ക് വ്യക്തമായ നിലപാട് ഇല്ലെന്നുകാണാമെന്നും കോടതി പറഞ്ഞു. വിവാഹനിശ്ചയത്തിനുശേഷം തന്റെ വീട്ടിലെത്തിയ പ്രതി ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ബലാൽസംഗം ചെയ്‌തെന്നുമാണ് കേസ്. പിന്നീട് പ്രതി വിവാഹത്തിന് തയ്യാറായില്ലെന്നും കൂട്ടുകാർക്കു മുന്നിൽ അധിക്ഷേപിച്ചെന്നും പറയുന്നു. ഇത്തരത്തിൽ ഗുരുതരമായ കുറ്റകൃത്യത്തെ രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യതർക്കമായി മാത്രം കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി സീന ഹാജരായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home