തിരിച്ചുവരവ് ജയത്തോടെ ആഘോഷിക്കാൻ പരാഗ്വേ; കുന്നോളം മോഹങ്ങളുമായി അമേരിക്ക

ലോസ് ഏഞ്ചൽസ്: സ്വന്തം മണ്ണിൽ കുന്നോളം മോഹങ്ങളുമായാണ് അമേരിക്ക ആദ്യ പോരിൽ നാളെ പരാഗ്വേയെ നേരിടാൻ ഒരുങ്ങുന്നത്. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ലോക ചാമ്പ്യൻമാരായ അർജന്റീനയെയും അഞ്ചുവട്ടം കപ്പുയർത്തിയ ബ്രസീലിനെയും തോൽപ്പിച്ച സംഘമാണ് പരാഗ്വേയുടേത്. നാളെ രാവിലെ ആറരയ്‌ക്ക് ലോസ് ഏഞ്ചൽസ് സ്‌റ്റേഡിയമാണ് വേദി.
വർഷങ്ങളായുള്ള തയ്യാറെടുപ്പാണ് നാട്ടിൽ അരങ്ങേറുന്ന ലോകകപ്പിനായി അമേരിക്ക നടത്തിയത്. ലയണൽ മെസി ഉൾപ്പെടുന്ന വമ്പൻ താരങ്ങളെ മേജർ ലീഗ് സോക്കറിൽ എത്തിച്ചു. യുവതാരങ്ങൾക്ക് പരിചയസമ്പത്തും ലോകോത്തര നിലവാരവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 2024ൽ മൗറീസിയോ പൊച്ചെട്ടീനോയെ പരിശീലകനായും നിയമിച്ചു. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്നവരാണ് പ്രധാനികൾ. സന്നാഹ മത്സരത്തിൽ സെനെഗലിനെ 3–2ന് തോൽപ്പിച്ചപ്പോൾ ജർമനിയോട് 2–1ന് പൊരുതി തോറ്റു. ക്രിസ്റ്റ്യൻ പുലിസിച്ച്, ഫോലാരിൻ ബലോഗൺ, സെർജീനോ ഡെസ്റ്റ്, ടൈലർ ആദംസ്, വൈസ്റ്റൺ മക്‌കെന്നി തുടങ്ങിയ യുവനിരയാണ് കരുത്ത്.
പരാഗ്വേ കരുത്തരാണ്. 16 വർഷത്തിനുശേഷമുള്ള ലോകകപ്പിലെ തിരിച്ചുവരവ് ജയത്തോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. 2010ൽ ക്വാർട്ടറിൽ കടന്നതാണ് മികച്ച നേട്ടം. ഗ്രൂപ്പ് ചാമ്പ്യൻമാരായി മുന്നേറുക എന്നത് കൂടിയാണ് ഗുസ്‌താവോ അൽഫാരോ പരിശീലിപ്പിക്കുന്ന സംഘത്തിന്റെ ലക്ഷ്യം. യോഗ്യതാ റൗണ്ടിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു. സൂപ്പർതാരം മിഗ്വേൽ അൽമിരോൺ, ദ്യേഗോ ഗോമസ്, ഒമർ അൽദെറെതെ എന്നീ ത്രയത്തിലാണ് പ്രതീക്ഷകൾ. 1930ലെ കന്നി ലോകകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ അമേരിക്ക 3–0ന് ജയിച്ചിരുന്നു. ആകെ ഒമ്പതുവട്ടം മുഖാമുഖം വന്നപ്പോൾ ആതിഥേയർ അഞ്ചിലും ലാറ്റിനമേരിക്കൻ പട രണ്ടിലും ജയമറിഞ്ഞു. രണ്ടെണ്ണം സമനിലയായി.








0 comments