ഓഫർ വിലയിൽ വിൽക്കാൻ വച്ചത് 90 പാക്കറ്റ് പഴകിയ ചിക്കൻ; വർക്കല കെഎഫ്‌സി ഔട്ട്‌ലെറ്റിന് മുനിസിപ്പാലിറ്റിയുടെ നോട്ടീസ്

Photo Credit:Social Media
വർക്കല: ലോകമെമ്പാടും ജനപ്രിയമായ പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സിയുടെ വർക്കല ഔട്ട്‌ലെറ്റിൽ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വലിയ അളവിൽ പഴകിയ ചിക്കൻ പിടിച്ചെടുത്തു.
ബീച്ച് റോഡിന് സമീപം പ്രവർത്തിക്കുന്ന തിരക്കേറിയ ഔട്ട്‌ലെറ്റിൽ നിന്നാണ് രണ്ട് കിലോ വീതമുള്ള 90 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പഴകിയ മാംസം നഗരസഭാ അധികൃതർ കണ്ടെടുത്തത്. പ്രത്യേക ഓഫറുകളടക്കം പ്രഖ്യാപിച്ച് ഇന്ന് വിപുലമായ രീതിയിൽ വിൽപ്പന നടത്തുന്നതിനിടെയായിരുന്നു ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന.
ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പാചകപ്പുരയ്ക്കകത്ത് കയറി പരിശോധന നടത്തിയപ്പോൾ അതീവ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഔട്ട്‌ലെറ്റ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. കൃത്യമായി ഫ്രീസറിൽ സൂക്ഷിക്കേണ്ട കോഴിമാംസം, രക്തം ഒലിച്ച നിലയിൽ തറയിൽ കമിഴ്ത്തിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു ഉദ്യോഗസ്ഥർ കണ്ടത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിലെ ഈ തിരക്കേറിയ ഔട്ട്‌ലെറ്റിൽ നിന്ന് പിടിച്ചെടുത്ത പഴകിയ കോഴിമാംസം നഗരസഭാ അധികൃതർ ഉടനടി നശിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന് നോട്ടീസ് നൽകിയതായും കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി.










0 comments