സ്പിന്നർമാർ തിളങ്ങി , ജെമീമ 44 പന്തിൽ 69*
print edition അനായാസം ; ആദ്യ ട്വന്റി20യിൽ ലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

ലങ്കയുടെ ഹസിനി പെരേരയുടെ വിക്കറ്റെടുത്ത ദീപ്--തി ശർമയെ (വലത്ത്) ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് പുണരുന്നു. ഷഫാലി വർമ സമീപം
വിശാഖപട്ടണം
ഏകദിന ലോകകപ്പ് നേട്ടത്തിനുശേഷം ആദ്യ കളിക്കിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. ശ്രീലങ്കയുമായുള്ള അഞ്ച് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ കളിയിൽ എട്ട് വിക്കറ്റിന് ജയിച്ചു.
വിശാഖപട്ടണത്ത് നടന്ന പോരിൽ ഓൾറൗണ്ട് പ്രകടനവുമായാണ് ഹർമൻപ്രീത് സിങ്ങും സംഘവും തിളങ്ങിയത്. ഏകദിന ലോകകപ്പിന് പിന്നാലെ ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഒരുക്കം. ജൂണിൽ ഇംഗ്ലണ്ടിലാണ് ലോകകപ്പ്. സ്‌പിൻ ബൗളർമാരുടെ മികവിൽ ലങ്കയെ 121 റണ്ണിന് ഒതുക്കിയ ഇന്ത്യ 32 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. ജെമീമ റോഡ്രിഗസ് 44 പന്തിൽ 69 റണ്ണുമായി പുറത്തായില്ല.
സ്‌കോർ: ശ്രീലങ്ക 121/6 ഇന്ത്യ 122/2 (14.4)
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌പിന്നർ വൈഷ്‌ണവി ശർമ അരങ്ങേറ്റം കുറിച്ച കളിയിൽ കണിശതയോടെ പന്തെറിഞ്ഞ ബൗളർമാർ കളി വരുതിയിലാക്കി. കന്നി മത്സരത്തിൽ വിക്കറ്റെടുത്തില്ലെങ്കിലും ഇരുപതുകാരിയായ വൈഷ്--ണവി നാല് ഓവറിൽ 16 റൺ മാത്രമാണ് വിട്ടുകൊടുത്തത്. ദീപ്‌തി ശർമയും ശ്രീ ചരണിയും ക്രാന്തി ഗൗഡും ഓരോ വിക്കറ്റ് നേടി. ലങ്കയുടെ മൂന്ന് ബാറ്റർമാർ റണ്ണൗട്ടായി.
വിശ്‌മി ഗുണരത്‌നെ (43 പന്തിൽ 39), നിലാക്ഷിക സിൽവ (8 പന്തിൽ 8), കവിഷ ദിൽഹാരി (5 പന്തിൽ 6) എന്നിവർ റണ്ണൗട്ടായി. ക്യാപ്‌റ്റൻ ചമരി അത്തപത്തു 15 റണ്ണിന് പുറത്തായി.
മറുപടിയിൽ ഓപ്പണർമാരായ സ്‌മൃതി മന്ദാനയെയും (25 പന്തിൽ 25) ഷഫാലി വർമയെയുമാണ് (5 പന്തിൽ 9) ഇന്ത്യക്ക് നഷ്ടമായത്. ലോകകപ്പിലെ തകർപ്പൻ കളി തുടർന്ന ജെമീമ പത്ത് ബൗണ്ടറി നേടി. ഹർമൻപ്രീത് 15 റണ്ണുമായി പുറത്തായില്ല.
നാളെ ഇതേ സ്‌റ്റേഡിയത്തിലാണ് രണ്ടാം കളി.










0 comments