സഞ്‌ജു ടീമിലില്ല
തോൽവിഭാരം മാറുമോ? സഞ്‌ജു ടീമിലില്ല; സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി സിംബാബ്‍വെ ക്യാപ്റ്റൻ സിക്കന്ദർ റാസയും ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരും
ഹരാരെ: തുടർത്തോൽവിയിൽ നിന്നും കരകയറാൻ ഇന്ത്യയും ശ്രേയസ് അയ്യരും. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സര ട്വന്റി20 ക്രിക്കറ്റിന് ഇന്ന് തുടക്കമാകും. ഹരാരെയിൽ വൈകിട്ട് 4.30നാണ് മത്സരം.
സൂര്യകുമാർ യാദവിന് പകരം നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസിന് കീഴിൽ കളിച്ച രണ്ട് പരമ്പരയിലും ഇന്ത്യക്ക് സമ്പൂർണ തോൽവിയായിരുന്നു. അവസാന ആറ് കളിയും തോറ്റു. അയർലൻഡിനോട് രണ്ടും ഇംഗ്ലണ്ടിനോട് നാലും. ഗൗതം ഗംഭീറിന് പകരം വി വി എസ് ലക്ഷ്‌മണണാണ് ഇത്തവണ ഇന്ത്യൻ പരിശീലകൻ. മലയാളി താരം സഞ്‌ജു സാംസൺ ടീമിലില്ല.
വിദേശ മണ്ണിലെ തുടർച്ചയായ മൂന്നാം പരമ്പരയാണ് ഇന്ത്യക്ക്. രണ്ടിൽ ഒരുമിച്ച് തോൽക്കുന്നത് പതിവല്ല. പുതുനിര തകർന്നടിഞ്ഞു. സഞ്ജുവിന്റെ അഭാവത്തിൽ പതിനഞ്ചുകാരൻ വെെഭവ് സൂര്യവംശി അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറാകും. ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ഇടംകൈയൻ മൂന്ന് മത്സരത്തിൽ 42 റണ്ണാണ് നേടിയത്. ഇത് അവസാന അവസരമാകും. ടീമിൽ സ്ഥാനമാറ്റങ്ങളുണ്ടാകാനും സാധ്യതയുണ്ട്. ശിവം ദുബെയെ പുറത്തിരുത്തിയേക്കും.
പേസർമാരെ സഹായിക്കുന്ന തരത്തിലാണ് ഹരാരെയിലെ പിച്ച്. സിക്കന്തർ റാസ നയിക്കുന്ന സിംബാബ്‌വെ നിരയിൽ പേസർമാരായ ബ്ലെസിങ് മുസറബാനിയും റിച്ചാർഡ് എൻഗാറവയും ഇന്ത്യക്ക് വെല്ലുവിളിയാകും.









0 comments