വീരോചിതം; മാഞ്ചസ്‌റ്ററിൽ ചരിത്രംകുറിച്ച് ഇന്ത്യ

മാഞ്ചസ്‌റ്റർ: ബാറ്റർമാരുടെ വീറുറ്റ പ്രകടനത്തിൽ മാഞ്ചസ്‌റ്ററിൽ ഇന്ത്യ ചരിത്രംകുറിച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ സമനില പൊരുതി നേടി. ഒരുഘട്ടത്തിൽ ഇന്നിങ്‌സ് തോൽവിപോലും ഭയന്ന മത്സരത്തെ അഞ്ചാംദിനം നടത്തിയ ചെറുത്തുനിൽപ്പിലൂടെയാണ് സമനിലയിലേക്ക് വഴിമാറ്റിയത്. ഒന്നാം ഇന്നിങ്‌സിൽ 311 റണ്ണിന്റെ ലീഡ് വഴങ്ങിയ ശുഭ്‌മാൻ ഗില്ലും കൂട്ടരും രണ്ടാം ഇന്നിങ്‌സിൽ നാലിന് 425 റണ്ണെടുത്തതോടെയാണ് മത്സരം സമനിലയിൽ കലാശിച്ചത്. ഒരു ടെസ്‌റ്റ് ശേഷിക്കെ 2 - 1ന് ഇംഗ്ലണ്ട് മുന്നിലാണ്.
സ്‌കോർ: 358, 425/4; ഇംഗ്ലണ്ട് 669.
മൂന്ന് സെഞ്ചുറികളുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ മറുപടി പറഞ്ഞത്. ക്യാപ്‌റ്റൻ ഗിൽ (238 പന്തിൽ 103) നയിച്ചപ്പോൾ രവീന്ദ്ര ജഡേജ (185 പന്തിൽ 107), വാഷിങ്‌ടൺ സുന്ദർ (206 പന്തിൽ 101), കെ എൽ രാഹുൽ (230 പന്തിൽ 90), എന്നിവരും അച്ചടക്കത്തോടെ ബാറ്റ് വീശി. സുന്ദർ കന്നി സെഞ്ചുറി പൂർത്തിയാക്കിയ ഉടൻതന്നെ കളി അവസാനിപ്പിക്കാൻ ഇരു ക്യാപ്‌റ്റൻമാരും സമ്മതിക്കുകയായിരുന്നു. 114 റൺ ലീഡുണ്ടായിരുന്നു ഇന്ത്യക്ക് ആ ഘട്ടത്തിൽ.
നാലാംദിനം റണ്ണെടുക്കുംമുമ്പേ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഗില്ലും രാഹുലും ചേർന്നാണ് കരകയറ്റിയത്. അഞ്ചാംദിനം ബാറ്റിങ് ദുഷ്‌കരമായിരുന്നു. രാഹുലിനെ തകർപ്പൻ പന്തിൽ ഇംഗ്ലീഷ് ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ് പുറത്താക്കുകയും ചെയ്‌തു. തലേദിനത്തെ സ്‌കോറിനോട് 14 റൺമാത്രമായിരുന്നു ഇന്ത്യക്ക് കൂട്ടിച്ചേർക്കാനായത്. 421 പന്ത് നേരിട്ടാണ് ഈ സഖ്യം 188 റൺ നേടിയത്.
രാഹുൽ പുറത്തായപ്പോൾ ഗില്ലിന് കൂട്ടായി സുന്ദറെത്തി. പതുക്കെയായിരുന്നു ഇന്നിങ്‌സ് കൊണ്ടുപോയത്. ഇതിനിടെ ടെസ്‌റ്റിലെ ഒമ്പതാം സെഞ്ചുറി ഗിൽ പൂർത്തിയാക്കി. 12 ഫോർ ഉൾപ്പെട്ടതായിരുന്നു ആ സെഞ്ചുറി. എന്നാൽ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് കനത്ത തിരിച്ചടി കിട്ടി. ഗില്ലിനെ ജോഫ്ര ആർച്ചെർ മടക്കി. 222/4 എന്ന നിലയിൽ ഇന്ത്യ പതറി. പരിക്കുകാരണം വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ബാറ്റ് ചെയ്യാൻ ഇറങ്ങുമെന്ന് വ്യക്തതയുമില്ല. ഈ ഘട്ടത്തിലാണ് പ്രതിരോധത്തിന്റെ മനോഹര പ്രകടനവുമായി സുന്ദറും ജഡേജയും ഇംഗ്ലീഷ് ബൗളർമാരെ നേരിട്ടത്. ആദ്യ പന്തിൽതന്നെ ജഡേജയെ ജോ റൂട്ട് കൈവിട്ടതാണ്.
പരമ്പരയിലെ ആദ്യ സെഞ്ചുറി കുറിച്ച ഇടംകൈയൻ സ്‌കോർ ബോർഡ് വേഗത്തിൽ ഉയർത്താൻ ശ്രമിച്ചു. ഒരു സിക്‌സറും 13 ഫോറും സെഞ്ചുറിയിൽ ഉൾപ്പെട്ടു. സുന്ദർ ഒരു സിക്‌സറും ഒമ്പത് ഫോറും പായിച്ചു. ടെസ്‌റ്റിൽ അഞ്ചാം സെഞ്ചുറിയാണ് ജഡേജയ്‌ക്ക്.
ഇംഗ്ലീഷ് ക്യാപ്‌റ്റൻ സ്‌റ്റോക്‌സ് പേസിനെയും സ്‌പിന്നിനെയും മാറിമാറി പരീക്ഷിച്ചെങ്കിലും ഈ സഖ്യത്തെ വേർപിരിക്കാനായില്ല. സ്‌റ്റോക്‌സാണ് മാൻ ഓഫ് ദി മാച്ച്. നാലാം ടെസ്‌റ്റ് 31ന് ഓവലിൽ നടക്കും.










0 comments