ad
Deshabhimani

കിവീസിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം; ഗ്രീൻഫീൽഡിൽ ഇഷാൻ കിഷൻ ഷോ

Cricket.jpg
വെബ് ഡെസ്ക്

Published on Jan 31, 2026, 10:38 PM | 1 min read

തിരുവനന്തപുരം: സ്വന്തം മണ്ണിൽ ലോകകപ്പിനൊരുങ്ങി ഇന്ത്യ. ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി-20 മത്സരത്തിൽ 46 റൺസിന്‌ തകർപ്പൻ ജയം നേടിയ ഇന്ത്യ അഞ്ച്‌ മത്സരങ്ങളടങ്ങിയ പരമ്പര 4–1ന്‌ സ്വന്തമാക്കി.


തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ്‌ നേടി ബാറ്റെടുത്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 271 എന്ന റെക്കോർഡ് സ്കോറാണ് പടുത്തുയർത്തിയത്.


മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 19.4 ഓവറിൽ 225 റൺസിന് പുറത്തായി. തിരുവനന്തപുരത്തെ ഇളക്കിമറിച്ച പ്രകടനമായിരുന്നു വിക്കറ്റ്‌ കീപ്പർ ബാറ്റർ ഇഷാൻ കിഷന്റേത്. വെറും 43 പന്തിൽ നിന്ന് 10 സിക്‌സറും 6 ഫോറുമടക്കം 103 റൺസെടുത്ത ഇഷാൻ തന്നെയാണ് വിജയശില്പി.


നായകൻ സൂര്യകുമാർ യാദവ് (30 പന്തിൽ 63), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42), അഭിഷേക് ശർമ (16 പന്തിൽ 30) എന്നിവരും കൂറ്റൻ സ്കോറിന് അടിത്തറയിട്ടു. 137 റൺസ് നീണ്ട ഇഷാൻ-സൂര്യകുമാർ സഖ്യമാണ് കിവീസ് ബൗളർമാരെ നിലംപരിശാക്കിയത്. എന്നാൽ ജന്മനാട്ടിൽ കളിക്കാനിറങ്ങിയ സഞ്ജു സാംസൺ (6) ഒരിക്കൽ കൂടി നിരാശപ്പെടുത്തി.


ബാറ്റിംഗിൽ ബാറ്റർമാർ തിളങ്ങിയപ്പോൾ ബൗളിംഗിൽ പേസർ അർഷ്ദീപ് സിംഗ് ആധിപത്യം സ്ഥാപിച്ചു. 4 ഓവറിൽ 51 റൺസ് വഴങ്ങിയാണെങ്കിലും നിർണ്ണായകമായ അഞ്ച് വിക്കറ്റുകൾ അർഷ്ദീപ് വീഴ്ത്തി.


അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റുമായി മികച്ച പിന്തുണ നൽകി. ന്യൂസിലൻഡിനായി 38 പന്തിൽ 80 റണ്ണെടുത്ത ഫിൻ അലൻ പൊരുതിനോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരം വരുതിയിലാക്കി.


ഇതോടെ ലോകകപ്പിന് തൊട്ടുമുൻപ് നടന്ന പരമ്പര ആധികാരികമായി വിജയിച്ച് ഇന്ത്യ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇഷാൻ കിഷന്റെ തകർപ്പൻ തിരിച്ചുവരവ് ലോകകപ്പ് പ്ലെയിംഗ് ഇലവനിൽ താരത്തിന്റെ സ്ഥാനം ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home