ഷമി ഹീറോയാടാ ഹീറോ; നാല് വിക്കറ്റ് പ്രകടനവുമായി താരം

ഹൈദരാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ റൺപോരിൽ ഇന്ത്യയെ തകർന്നടിഞ്ഞതിന് പിന്നാലെ ആരാധകർ തേടിയത് പേസർമാരായ മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയുമായിരുന്നു. ഇന്ത്യൻ ടീമിൽ ഇടം നേടിയില്ലെങ്കിലും സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ മുഹമ്മദ് ഷമി തകർപ്പൻ പ്രകടനം തുടരുകയാണ്. സർവസീസിനെതിരെ ബംഗാളിനായി പന്തെറിഞ്ഞ ഷമി 13 റൺ മാത്രം വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്. കളിയിൽ ബംഗാൾ ഏഴ് വിക്കറ്റിന് ജയിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ പരാജയത്തിന് കാരണമായി മികച്ച പേസർമാരുടെ അഭാവം ആരാധകർ ചൂണ്ടിക്കാട്ടുമ്പോഴാണ് ഷമി അടക്കമുള്ള താരങ്ങൾ ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങുന്നത്. ഇന്ത്യയ്ക്കായി ബോളെറിഞ്ഞ പ്രസിദ്ധ് കൃഷ്ണ 8.2 ഓവറിൽ 85 റൺ വിട്ടു കൊടുത്തപ്പോൾ ഹർഷിത് റാണ പത്ത് ഓവറിൽ 70 റൺസും വഴങ്ങി.
ട്വന്റി 20 ലോകകപ്പിനായി ബുംറക്ക് വിശ്രമം അനുവദിച്ചെങ്കിലും ആഭ്യന്തരമത്സരങ്ങളിൽ കളിക്കുന്ന ഷമിക്കും സിറാജിനും അവസരം നൽകാത്തതിനെതിരെ രൂക്ഷവിമർശനമുയർന്നു.








0 comments