യുഡിഎഫ് തകർത്തെറിഞ്ഞ കേരളത്തെ എൽഡിഎഫ് കൈപിടിച്ചുയർത്തി: മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
Published on Dec 04, 2025, 08:41 PM | 1 min read
കൊല്ലം: യുഡിഎഫ് തകർത്തെറിഞ്ഞ കേരളത്തെ കൈപിടിച്ചുയർത്തിയത് 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2021ലെ ഭരണത്തുടർച്ച കേരളം കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കും ഉപകരിച്ചെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് കോർപറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹ്യക്ഷേമ പെൻഷനുകൾ നിലനിർത്താനും വർധിപ്പിക്കാനുമായി. 2016ൽ എൽഡിഎഫ് അധികാരമേൽക്കുമ്പോൾ കേരളത്തിന്റെ സ്ഥിതി വളരെ ദയനീയമായിരുന്നു. യുഡിഎഫ് ഭരണത്തിൽ എല്ലാരംഗത്തും തകർച്ചയായിരുന്നു. നാടിങ്ങനെ ആയിപ്പോയല്ലോ എന്നോർത്ത് ജനങ്ങൾ ശപിച്ച കാലം. കാലാനുസൃതമായ പുരോഗതി ഒരുരംഗത്തും ഉണ്ടായില്ല. എല്ലാരംഗത്തും പിറകോട്ടുപോയി. സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങി. ഇതിനെല്ലാം ഒരുമാറ്റം പ്രതീക്ഷിച്ചാണ് 2016-ൽ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റിയത്.
ആ ആഗ്രഹം എൽഡിഎഫ് സർക്കാർ സഫലമാക്കിയതോടെ ജനങ്ങൾക്ക് പ്രതീക്ഷയുണ്ടായി. അസാധ്യമെന്നു കരുതി യുഡിഎഫ് ഉപേക്ഷിച്ച പലതും എൽഡിഎഫ് സർക്കാർ സാധ്യമാക്കി. 2021ൽ സർക്കാരിന്റെ കാലാവധി അവസാനിച്ചപ്പോൾ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കിയിരുന്നു. അതിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് 2021ലെ തുടർഭരണം. തുടർഭരണം ജനങ്ങൾക്ക് ഗുണമാണെന്നതിന് തെളിവാണ് അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റിയെടുത്ത നടപടി. ഇത് ലോകത്തിനുതന്നെ മാതൃകയാണ്. കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റാനായി. ക്ഷേമപെൻഷൻ വർധിപ്പിച്ചതും പശ്ചാത്തലമേഖലയുടെ പുരോഗതിയും ആരോഗ്യ– വിദ്യാഭ്യാസ മേഖലയിലെ വലിയ നേട്ടങ്ങളും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടതും പൊതുവിതരണത്തെ കൂടുതൽ ശക്തിപ്പെടുത്തിയതും തുടർഭരണത്തിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.








0 comments