എസ്‌ഐആറിൽ കണ്ടെത്താൻ കഴിയാത്തവർ 19 ലക്ഷത്തിലേക്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷൻ ധൃതിപിടിച്ച് നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ കണ്ടെത്താനാകാത്തവരുടെ എണ്ണം 19 ലക്ഷത്തിലേക്ക്. വ്യാഴം വൈകിട്ട് ആറുവരെ 18,52,962 പേരെ കണ്ടെത്താനായില്ലെന്ന് ബിഎൽഒമാർ റിപ്പോർട്ട് നൽകി. ഇത്രയും പേരെ വോട്ടർപട്ടികയിൽനിന്ന് വെട്ടും. 'താമസം മാറിയവർ, ഇരട്ടിപ്പ് വന്നവർ, മറ്റുള്ളവർ’ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ഇവരെ ഉൾപ്പെടുത്തുന്നത്. 93 ശതമാനം ഫോമുകളാണ് ഇതിനകം ഡിജിറ്റൈസ് ചെയ്തത്.
ബിഎൽഒമാർ നേരിടുന്ന കടുത്ത സമ്മർദവും പരിശീലനക്കുറവും ലക്ഷക്കണക്കിനുപേരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് കാരണമാകുമെന്ന് ആക്ഷേപമുയരുന്നുണ്ട്. ഫോം വിതരണത്തിൽ പരിശോധന നടത്താതെ വോട്ടർമാരെ ‘കണ്ടെത്താൻ കഴിയാത്തവർ' എന്ന വിഭാഗത്തിൽപ്പെടുത്തിയെന്ന പരാതിയുണ്ട്. ജോലിയുടെ ഭാഗമായി നഗരങ്ങളിൽ താമസിച്ച് ക്വാർട്ടേഴ്സുകളിലും മറ്റും കഴിയുന്നവർ, ബന്ധുവീടുകളിലേക്ക് മാറിയവർ എന്നിവർക്ക് ഫോം ലഭിച്ചിട്ടില്ല.
അതേസമയം എസ്‌ഐആറിൽ എന്യൂമറേഷൻ ഫോം ഒപ്പിട്ടു നൽകിയാൽ മതിയെന്നും അതോടെ കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുമെന്നുമുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ വാദത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. ഈ വാദത്തിൽ ഗുരുതര അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കമീഷന്റെ നിർദേശപ്രകാരം ഫോം പൂരിപ്പിക്കാതെ ഒപ്പിട്ടുനൽകുന്നവർ കരട് പട്ടികയിൽ ഉൾപ്പെട്ടാലും പിന്നീടുള്ള ഹിയറിങ് നേരിടേണ്ടിവരും. അതിനാൽ കൃത്യമായി പൂരിപ്പിക്കുകയും ബന്ധുക്കളെ ലിങ്ക് ചെയ്യാൻ കഴിയുന്ന സാധ്യതകൾ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യണം.
ചുരുങ്ങിയ ദിവസത്തിനകം അന്തിമ പട്ടിക പൂർത്തിയാക്കേണ്ടതിനാൽ, രേഖകളുമായി അതിവേഗം ഹാജരാകാനാകും വോട്ടർമാരോട് ആവശ്യപ്പെടുക. ലക്ഷക്കണക്കിന് ആളുകളെ കുറഞ്ഞ സമയം കൊണ്ട് ഹിയറിങ് നടത്താൻ സാധിക്കുമോ എന്നതിൽ കമീഷന് വ്യക്തതയുമില്ല. വിദേശത്തുള്ള വോട്ടർമാർ നേരിട്ട് ഹാജരാകണമെന്ന് നിർബന്ധം പിടിച്ചാൽ അത് പ്രവാസികൾക്ക് വലിയ പ്രയാസമുണ്ടാക്കും. ജനങ്ങളെ ഒരു കേന്ദ്രത്തിൽ എത്തിച്ച് മണിക്കൂറുകളോളം വരിനിർത്താനാണ് ഉദേശമെങ്കിൽ ദുരന്തത്തിലേക്കും പോകാൻ സാധ്യതയുണ്ട്. ഇത്തരം പ്രതിസന്ധികളെ കമീഷൻ എങ്ങനെയാണ് മറികടക്കുകയെന്നത് വലിയ ചോദ്യമാണ്. രാഷ്ട്രീയ പാർടികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത്, സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ മാത്രമേ ഈ പുനഃപരിശോധന മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്നാണ് കേരളത്തിന്റെ പൊതുനിലപാട്.







0 comments