മാങ്കൂട്ടത്തിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി, ഗൗരവമേറിയ കുറ്റകൃത്യം; ഉത്തരവ് പുറത്ത്

തിരുവനന്തപുരം: ബലാത്സംഗം, നിർബന്ധിതവും ആശാസ്ത്രീയവുമായ ഗർഭഛിദ്രം കേസുകൾ നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി ഉത്തരവ് പുറത്ത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും അറസ്റ്റ് തടയണമെന്ന ഹർജിയും തള്ളിയത്. മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിക്കൊണ്ടാണ് ജാമ്യം നിഷേധിച്ചത്. ജാമ്യംഅനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.
പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ കോടതി കണക്കിലെടുത്തു. ഗൗരവമേറിയ കുറ്റകൃത്യമാണ് മാങ്കൂട്ടത്തിൽ ചെയ്തതെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കോടതി കണ്ടെത്തി. ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മറ്റൊരു അതിജീവിതകൂടി പരാതി നൽകിയത് ഗൗരവസ്വഭാവത്തിൽ കാണേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിഭാഗം ഉയർത്തിയ വാദങ്ങൾ എല്ലാം കോടതി തള്ളി. കേസ് അന്വേഷണത്തിന്റെ തുടക്കഘട്ടത്തിലാണെന്നും അറസ്റ്റ് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
കേസിന് പിന്നാലെ പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടി ഒളിവിൽ പോയിരിക്കുകയാണ് മാങ്കൂട്ടത്തിൽ. ജാമ്യാപേക്ഷ നിഷേധിച്ചതോടെ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.







0 comments