ഒരു ദിവസം മാത്രം ഇൻഡിഗോ റദ്ദാക്കിയത് മുന്നൂറിലധികം വിമാനങ്ങൾ

മുംബൈ: ഡൽഹി, മുംബൈ, ബാംഗ്ലൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ 300-ലധികം ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ. മൂന്നാം ദിവസവും നടപടി തുടർന്നതോടെ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. വിവിധ വിമാനത്താവളങ്ങളിൽ നിരവധി സർവീസുകൾ വൈകിയതായും റിപ്പോർട്ടുണ്ട്. പൈലറ്റുൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്‌നങ്ങൾ, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണത്തിലുണ്ടായ പിഴവ് തുടങ്ങിയവയാലാണ് വിമാനങ്ങൾ കൂട്ടമായി റദ്ദാക്കിയത്.
ഡൽഹിയിൽ - 95, മുംബൈയിൽ - 85, ഹൈദരാബാദ് - 70, ബാംഗ്ലൂർ -50 എന്നിങ്ങനെയാണ് വിമാന സർവീസുകൾ റദ്ദാക്കി. മറ്റ് വിമാനത്താവളങ്ങളിലും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.ആഭ്യന്തര സർവീസുകൾക്ക് പുറമെ അന്താരഷ്‌ട്ര സർവീസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്താരാഷ്‌ട്ര, ആഭ്യന്തര തലത്തിൽ ഏകദേശം 2,300 സർവീസുകളാണ് ഒരു ദിവസം ഇൻഡിഗോയ്‌ക്കുള്ളത്. ഇൻഡിഗോ സർവീസുകളുടെ വൈകലും റദ്ദാക്കലുകളും മറ്റ് വിമാനക്കമ്പനികളുടെ സർവീസുകളെയും ബാധിച്ചു.
ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി രണ്ടാം ഘട്ടം നടപ്പിലാക്കിയതിനുശേഷം എയർലൈൻ കടുത്ത ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്. ഇൻഡിഗോ വിമാന സർവീസുകളിലെ തടസങ്ങൾ സംബന്ധിച്ച സിവിൽ ഏവിയേഷൻ മന്ത്രാലയം (DGCA) സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാണ്. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലെ ആസൂത്രണത്തിലുണ്ടായ പോരായ്മകളാണ് വിമാന സർവീസുകൾ തടസപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ.
അടുത്ത 2-3 ദിവസത്തേക്ക് കൂടുതൽ റദ്ദാക്കലുകളുണ്ടാകും. ഡിസംബർ 8 മുതൽ വിമാന പ്രവർത്തനങ്ങൾ കുറയ്ക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ഫെബ്രുവരി 10-നകം സുസ്ഥിരമായ വിമാന പ്രവർത്തനങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുമെന്ന് ഇൻഡിഗോ ഡിജിസിഎയോട് പറഞ്ഞു.








0 comments