പതിനഞ്ചാം വയസ്സിൽ ചരിത്രമെഴുതി റുവാണ്ടൻ താരം; അന്താരാഷ്ട്ര ടി20 അരങ്ങേറ്റത്തിൽ തകർപ്പൻ സെഞ്ച്വറി

ലാഗോസ്: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് റുവാണ്ടയുടെ പതിനഞ്ചുകാരി ഫാനി ഉഡാഗുഷിമാനിന്ദെ. നൈജീരിയ ഇൻവിറ്റേഷണൽ ടി20 ടൂർണമെന്റിൽ ഘാനയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് റെക്കോർഡ് നേട്ടങ്ങളോടെ താരം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.
അന്താരാഷ്ട്ര ടി20 അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരം, അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ രണ്ട് റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഫാനി അന്താരാഷ്ട്ര ക്രിക്കറ്റ് റെക്കോർഡ് ചരിത്രത്തിൽ ഇടം പിടിച്ചത്.
വെറും 65 പന്തുകളിൽ നിന്ന് 17 ഫോറുകളുടെ അകമ്പടിയോടെ 111 റൺസാണ് ഫാനി അടിച്ചുകൂട്ടിയത്. ഇതോടെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് റുവാണ്ടൻ താരത്തിന് സ്വന്തമായി. 15 വർഷവും 223 ദിവസവും പ്രായമുള്ളപ്പോഴാണ് ഫാനിയുടെ ഈ സ്വപ്നതുല്യമായ പ്രകടനം. 2019 ൽ ഉഗാണ്ടയുടെ പ്രൊസ്‌കോവിയ അലാകോ (16 വയസ്സും 233 ദിവസവും) സ്ഥാപിച്ച 116 റൺസിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും ഇനി ഫാനിയുടെ പേരിലായിരിക്കും. 2005-ൽ ഓസ്‌ട്രേലിയൻ ഇതിഹാസം കാരൻ റോൾട്ടൺ നേടിയ 96 റൺസായിരുന്നു ഇതിനുമുമ്പ് ഒരു വനിതാ താരം അരങ്ങേറ്റത്തിൽ നേടിയ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. പുരുഷ ക്രിക്കറ്റിലെ റെക്കോർഡുമായി താരതമ്യം ചെയ്യുമ്പോൾ ഫാനിയുടെ നേട്ടം കൂടുതൽ തിളക്കമുള്ളതാകുന്നു. ഫ്രാൻസിന്റെ ഗുസ്താവ് മക്കീൻ 18 വയസും 280 ദിവസവുമുള്ളപ്പോൾ നേടിയ സെഞ്ച്വറിയാണ് പുരുഷ ടി20യിലെ പ്രായം കുറഞ്ഞ സെഞ്ച്വറി റെക്കോർഡ്.
ഫാനിയുടെ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്ത റുവാണ്ട മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഘാനയെ 88 റൺസിൽ ഒതുക്കി 122 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി.










0 comments