ad
Deshabhimani

സീനിയർ താരങ്ങൾക്കും നിയമം ബാധകം; ഐപിഎല്ലിൽ സുരക്ഷാ നിയമങ്ങൾ കടുപ്പിച്ച് ബിസിസിഐ

IPL ACU

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 09, 2026, 06:55 PM | 1 min read

ന്യൂഡൽഹി: ഐപിഎല്ലിൽ മുതിർന്ന താരങ്ങൾ തങ്ങളുടെ സ്വാധീനമുപയോഗിച്ച് സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന പ്രവണതയ്‌ക്കെതിരെ ബിസിസിഐ കർശന നടപടിയിലേക്ക്.


ടീമിലെ മുതിർന്ന താരമെന്ന പദവി ഉപയോഗിച്ച് അഴിമതി വിരുദ്ധ വിഭാഗത്തിന്റെ (എസിയു) നിർദ്ദേശങ്ങൾ അവഗണിക്കുന്നതും ഹോട്ടൽ മുറികളിൽ അസമയത്ത് സന്ദർശകരെ താമസിപ്പിക്കുന്നതും ബോർഡ് ഗൗരവമായി കാണുന്നു.


അടുത്തിടെ ഒരു മുതിർന്ന താരം തന്റെ ഹോട്ടൽ മുറിയിൽ രാത്രി വൈകുവോളം സന്ദർശകരെ സ്വീകരിച്ചത് എസിയു ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ, താരത്തിന്റെ സീനിയോറിറ്റി ചൂണ്ടിക്കാട്ടി അയാളെ ന്യായീകരിക്കുന്ന നിലപാടാണ് ടീം മാനേജർ സ്വീകരിച്ചത്.


ഇത്തരം ലംഘനങ്ങളിൽ ടീം മാനേജ്‌മെന്റുകൾ പുലർത്തുന്ന നിസ്സംഗത ബിസിസിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരോട് താരങ്ങൾ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്.


താരങ്ങൾ ടീം ഉടമകളുമായി പുലർത്തുന്ന അടുത്ത ബന്ധം പല നിയമലംഘനങ്ങളും ഒതുക്കിത്തീർക്കാൻ കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ടീം മീറ്റിംഗുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ എത്തുന്ന ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ സ്വീകരിക്കാതിരിക്കുകയും അസമയത്ത് സുഹൃത്തുക്കളോടൊപ്പം ഹോട്ടലിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാകുകയാണ്.


താരപ്പകിട്ടിന്റെ പേരിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. മുതിർന്ന താരങ്ങൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഇനി മുതൽ ഒരേ നിയമമായിരിക്കും ബാധകം.


രാത്രി 10 മണിക്ക് ശേഷം സന്ദർശകരെ അനുവദിക്കില്ലെന്നും കൂടിക്കാഴ്ചകൾ ഹോട്ടൽ ലോബിയിലോ പൊതുസ്ഥലത്തോ മാത്രമേ പാടുള്ളൂ എന്നും ബിസിസിഐ കർശന നിർദ്ദേശം നൽകി. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴയും അച്ചടക്ക നടപടിയും ഉണ്ടാകുമെന്നാണ് സൂചന.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home