ഇന്ത്യൻ ക്രിക്കറ്റിൽ ‘നെക്സ്റ്റ് ജെൻ’ ദ്രാവിഡും സെവാഗും

അൻവയ് ദ്രാവിഡ് (ഇടത്) ,ആര്യവീർ സെവാഗ് (വലത്)
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങളുടെ പേരുകൾ ഒരിക്കൽക്കൂടി ഇന്ത്യൻ ടീമിന്റെ പട്ടികയിൽ. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗും മുൻ ഇന്ത്യൻ നായൻ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ഇടം നേടി.
ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്തംബർ 18ന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണുള്ളത്. ബിസിസിഐ വ്യാഴാഴ്ചയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയമായൊരു യാദൃശ്ചികതയ്ക്കും ഈ തിരഞ്ഞെടുപ്പ് വഴിയൊരുക്കുന്നു. 2012 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെ അവസാനമായി ഒരുമിച്ച് ടെസ്റ്റ് കളിച്ച ദ്രാവിഡിന്റെയും സെവാഗിന്റെയും പേരുകൾക്ക് ശേഷം, ‘ദ്രാവിഡ്’–‘സെവാഗ്’ എന്ന പേരുകൾ വീണ്ടും ഒരു ഇന്ത്യൻ ടീമിന്റെ പട്ടികയിൽ ഒരുമിച്ചെത്തുകയാണ്.
സെവാഗിന്റെ ആക്രമണ ശൈലിക്ക് പകരക്കാരനാകുമോ ആര്യവീർ?
18 കാരനായ ആര്യവീർ സെവാഗിന് ഇത് ദേശീയ ടീമിലേക്കുള്ള ആദ്യ വിളിയാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളാണ് വലംകൈയ്യൻ ഓപ്പണർക്ക് ഇന്ത്യ അണ്ടർ 19 ടീമിലേക്കുള്ള വഴി തുറന്നത്.
ഡൽഹി പ്രീമിയർ ലീഗിൽ വെസ്റ്റ് ഡൽഹി ലയൺസിനായി കളിക്കുന്ന ആര്യവീർ ആക്രമണ ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയിരുന്നു. അച്ഛൻ വീരേന്ദർ സെവാഗിന്റെ ശൈലിയെ ഓർമിപ്പിക്കുന്ന വേഗമേറിയ ഷോട്ടുകളാണ് താരത്തിന്റെ പ്രത്യേകത.
2024 ലെ കൂച്ച് ബെഹർ ട്രോഫിയിൽ മേഘാലയക്കെതിരെ 297 റൺസ് നേടിയ പ്രകടനവും ആര്യവീറിന്റെ കഴിവിന് തെളിവാണ്. ഇപ്പോൾ ദേശീയ അണ്ടർ 19 ടീമിലേക്കുള്ള വിളിയിലൂടെ അച്ഛന്റെ പാത പിന്തുടരാനുള്ള ആദ്യ വലിയ അവസരമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.
ശ്രീലങ്കയിൽ തിളങ്ങി അൻവയ്
രാഹുൽ ദ്രാവിഡിന്റെ ഇളയ മകൻ അൻവയ് ദ്രാവിഡിന് ദേശീയ അണ്ടർ 19 ടീമിലെ സ്ഥാനം നിലനിർത്താനായി. കഴിഞ്ഞ മാസം ശ്രീലങ്കൻ പര്യടനം നടത്തിയ ഇന്ത്യ അണ്ടർ 19 ടീമിലും 17 കാരനായ വിക്കറ്റ് കീപ്പർ-ബാറ്റർ അംഗമായിരുന്നു.
ശ്രീലങ്കയ്ക്കെതിരായ രണ്ട് യുവ ഏകദിന മത്സരങ്ങളിൽ യഥാക്രമം 14, 87 റൺസുകൾ നേടിയ അൻവയ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചത്.
രാഹുൽ ദ്രാവിഡിന്റെ മൂത്ത മകൻ സമിത് ദ്രാവിഡും നേരത്തെ ഇന്ത്യ അണ്ടർ 19 ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇതോടെ ദ്രാവിഡ് കുടുംബത്തിലെ മറ്റൊരു തലമുറയും ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധേയ സാന്നിധ്യമാകുകയാണ്.
അച്ഛന്മാരുടെ ഓർമകൾ, മക്കളുടെ പുതിയ യാത്ര
വീരേന്ദർ സെവാഗും രാഹുൽ ദ്രാവിഡും ഇന്ത്യൻ ക്രിക്കറ്റിൽ തികച്ചും വ്യത്യസ്തമായ ബാറ്റിങ് ശൈലികളിലൂടെ സ്വന്തമായ ഇടം നേടിയവരാണ്. സെവാഗിന്റെ ആക്രമണാത്മക ബാറ്റിങ്ങും ദ്രാവിഡിന്റെ പ്രതിരോധ മികവും ഇന്ത്യൻ ടീമിന്റെ വിജയങ്ങളിൽ നിർണായകമായിരുന്നു.
ഇപ്പോൾ അവരുടെ മക്കൾ ഒരേ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗമാകുമ്പോൾ, ആരാധകർക്ക് മുന്നിൽ പുതിയൊരു കൗതുകവും പ്രതീക്ഷയുമാണ് ഉയരുന്നത്. അച്ഛന്മാരുടെ നേട്ടങ്ങളുടെ നിഴലിൽ നിന്ന് മാറി സ്വന്തം വ്യക്തിത്വം സൃഷ്ടിക്കുകയാണ് ആര്യവീറിന്റെയും അന്വയുടെയും അടുത്ത വെല്ലുവിളി.
ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 പരമ്പര ഇരുവർക്കും അതിനുള്ള വലിയ വേദിയാകും. ഒരിക്കൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഓപ്പണിങ് കൂട്ടുകെട്ടിലും മധ്യനിരയിലും നിറഞ്ഞുനിന്ന ദ്രാവിഡിന്റെയും സെവാഗിന്റെയും പേരുകൾ, ഇനി പുതിയ തലമുറയുടെ ബാറ്റുകളിലൂടെ വീണ്ടും ക്രിക്കറ്റ് മൈതാനത്ത് മുഴങ്ങുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.









0 comments