ad
Deshabhimani

ലേലം മാറ്റിമറിച്ച വിധി; ആർസിബിയിൽ കരിയർ തിരിച്ചുപിടിച്ച് ദേവ്ദത്ത് പടിക്കൽ

devdutt padikal
വെബ് ഡെസ്ക്

Published on Apr 08, 2026, 09:39 AM | 1 min read

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലേക്കുള്ള തിരിച്ചുവരവ് മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ കരിയറിന് പുതിയ ജീവൻ നൽകിയിരിക്കുകയാണ്. 2025 സീസണിന് മുന്നോടിയായി ടീമിൽ തിരിച്ചെത്തിയ പടിക്കൽ, പഴയ ശൈലിയിൽ നിന്ന് മാറി തീപ്പൊരി ബാറ്റിങ്ങുമായി കളം നിറയുകയാണ്.


2020-ൽ ആർസിബിയിലൂടെ അരങ്ങേറി 'എമർജിങ് പ്ലെയർ' പുരസ്കാരം നേടിയെങ്കിലും, പിന്നീട് രാജസ്ഥാൻ റോയൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്സ് ടീമുകളിൽ കളിച്ചപ്പോൾ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.


എന്നാൽ, 2025-ലെ ലേലത്തിൽ 2 കോടി രൂപയ്ക്ക് ആർസിബി പടിക്കലിനെ വീണ്ടും കൂടാരത്തിലെത്തിച്ചത് താരത്തിന്റെ കരിയറിൽ നിർണ്ണായകമായി. ആർസിബിയിലേക്കുള്ള മടങ്ങിവരവ് തന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നുവെന്ന് പടിക്കൽ തന്നെ സാക്ഷ്യപ്പെടുത്തുന്നു.


ഏത് തരത്തിലുള്ള ക്രിക്കറ്റ് കളിക്കണം എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാൻ ഈ മാറ്റം സഹായിച്ചുവെന്നും, ടീം മാനേജ്‌മെന്റ് നൽകുന്ന പിന്തുണ ബാറ്റിംഗിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നും താരം വ്യക്തമാക്കി.


ബാറ്റിംഗ് ശൈലിയിൽ വരുത്തിയ വൻ മാറ്റമാണ് പടിക്കലിനെ ഇപ്പോൾ ശ്രദ്ധേയനാക്കുന്നത്. സാങ്കേതിക തികവിനൊപ്പം പവർ ഹിറ്റിംഗിന് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് താരം മാറി. 2026 സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മാത്രം 111 റൺസാണ് പടിക്കൽ അടിച്ചുകൂട്ടിയത്.


201.82 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റും 55.5 ശരാശരിയും താരത്തിന്റെ ഫോമിന് അടിവരയിടുന്നു. സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ കരുത്തർക്കെതിരെ തുടർച്ചയായി അർദ്ധ സെഞ്ചുറികൾ നേടിയ പടിക്കൽ ടീമിന്റെ വിശ്വസ്തനായ മൂന്നാം നമ്പർ ബാറ്ററായി മാറിക്കഴിഞ്ഞു.


പടിക്കലിന്റെ ഈ മിന്നും പ്രകടനം ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ വഴി വീണ്ടും തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേവ്ദത്ത് പടിക്കൽ ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ പൂർണ്ണ അർഹനാണെന്ന് ആർസിബി മെന്റർ ദിനേശ് കാർത്തിക് ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു കഴിഞ്ഞു.


വരാനിരിക്കുന്ന മത്സരങ്ങളിലും ഇതേ ഫോം തുടരാനായാൽ മലയാളി താരത്തിന് വൈകാതെ തന്നെ ഇന്ത്യൻ കുപ്പായത്തിൽ വീണ്ടും അവസരം ലഭിച്ചേക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home