ad
Deshabhimani

മദ്യപിച്ച് വാഹനമോടിച്ചു; മുൻ ഓസീസ് താരം ഡേവിഡ് വാർണർ സിഡ്‌നിയിൽ അറസ്റ്റിൽ

david warner
വെബ് ഡെസ്ക്

Published on Apr 07, 2026, 05:50 PM | 1 min read

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി. ഞായറാഴ്ച വൈകുന്നേരം സിഡ്‌നിയിലെ മരൂബ്രയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വാഹനപരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച താരത്തെ ഹൈവേ പട്രോൾ വിഭാഗം പിന്തുടർന്ന് പിടികൂടുകയായിരുന്നു.


ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ മരൂബ്രയിലെ മലാബാർ റോഡിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം. പോലീസ് കൈകാണിക്കുന്നത് കണ്ട വാർണർ തന്റെ വാൻ പെട്ടെന്ന് വെട്ടിച്ച് മാറ്റി പാർക്ക് ചെയ്യാൻ ശ്രമിച്ചു. താരത്തിന്റെ നീക്കത്തിൽ സംശയം തോന്നിയ പട്രോളിംഗ് ഉദ്യോഗസ്ഥർ ഉടൻ തന്നെ വാഹനം വളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാർണർ അമിതമായി മദ്യപിച്ചതായി കണ്ടെത്തി. അനുവദനീയമായ പരിധിയേക്കാൾ ഇരട്ടിയിലധികം മദ്യം താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു.


39-കാരനായ വാർണറെ പോലീസ് കസ്റ്റഡിയിലെടുത്ത് മരൂബ്ര സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി വിട്ടയച്ചെങ്കിലും മെയ് മാസത്തിൽ സിഡ്‌നിയിലെ കോടതിയിൽ നേരിട്ട് ഹാജരാകാൻ താരത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ താരം ഓസ്‌ട്രേലിയ വിട്ടെങ്കിലും കേസിന്റെ നടപടികൾക്കായി താരം തിരിച്ചെത്തേണ്ടി വരും.


2024 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് തൊട്ടുമുൻപാണ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. പാകിസ്ഥാനെതിരെ സിഡ്‌നിയിലായിരുന്നു താരത്തിന്റെ അവസാന ടെസ്റ്റ് മത്സരം. നിലവിൽ ആഗോള ട്വന്റി 20 ലീഗുകളിലും കമന്റേറ്റർ വേഷത്തിലും സജീവമായി നിൽക്കുന്നതിനിടെയുണ്ടായ ഈ അറസ്റ്റ് വാർണറുടെ കരിയറിൽ വലിയ തിരിച്ചടിയായിരിക്കുകയാണ്. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ താരത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home