ad
Deshabhimani

ടീമിൽ നിന്ന് പുറത്തിരിക്കേണ്ടി വരുന്നത് നിരാശാജനകം; മനസ്സ് തുറന്ന് ഡേവിഡ് മില്ലർ

DAVID MILLER

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 08, 2026, 04:20 PM | 1 min read

ന്യൂഡൽഹി: ഐപിഎൽ 2026 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തിരിക്കേണ്ടി വരുന്നത് നിരാശാജനകമാണെന്ന് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ.


ടീം കോമ്പിനേഷന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മില്ലറെ ഡൽഹി ഒഴിവാക്കിയിരുന്നു. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കാനിരിക്കുന്ന നിർണ്ണായക മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ടീം ഘടനയും വിദേശ താരങ്ങളുടെ പരിധിയും കാരണമാണ് തനിക്ക് അവസരം ലഭിക്കാത്തതെന്ന് മില്ലർ പറഞ്ഞു. "എല്ലാ മത്സരങ്ങളും കളിക്കാനാണ് ഏതൊരു താരവും ആഗ്രഹിക്കുന്നത്. എന്നാൽ നാല് വിദേശ താരങ്ങൾ എന്ന നിബന്ധന നിലനിൽക്കുന്ന ഐപിഎല്ലിൽ ടീം കോമ്പിനേഷൻ വളരെ പ്രധാനമാണ്.


ഇത് എന്റെ ആദ്യത്തെ ഐപിഎൽ ഒന്നുമല്ല, അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എങ്കിലും എപ്പോൾ അവസരം ലഭിച്ചാലും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ താൻ തയ്യാറാണെന്നും" അദ്ദേഹം വ്യക്തമാക്കി.


നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഡൽഹിക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വരാനിരിക്കുന്ന നാല് മത്സരങ്ങളിലും വിജയം അനിവാര്യമാണ്. "ഇനി ഞങ്ങൾക്ക് നാലിൽ നാല് മത്സരങ്ങളും ജയിക്കണം.


ഞങ്ങൾ മോശം ക്രിക്കറ്റാണ് കളിക്കുന്നത് എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ചില നിർണ്ണായക നിമിഷങ്ങളിൽ ടീമെന്ന നിലയിൽ ഞങ്ങൾക്ക് പിഴവുകൾ സംഭവിക്കുന്നുണ്ട്. ശക്തരായ ടീമുകൾക്കെതിരെ കളിക്കുമ്പോൾ എല്ലാ ഘട്ടത്തിലും മികവ് പുലർത്തേണ്ടതുണ്ട്," മില്ലർ കൂട്ടിച്ചേർത്തു.


ബാറ്റിംഗിൽ വിക്കറ്റുകൾ കൂട്ടത്തോടെ വീഴുന്നതാണ് ഡൽഹി നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് മില്ലർ ചൂണ്ടിക്കാട്ടി. ഇത് ടീമിനെ പ്രതിരോധത്തിലാക്കുകയും സ്കോറിംഗിനെ ബാധിക്കുകയും ചെയ്യുന്നു.


ഈ സീസണിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്നായി 123 റൺസ് മാത്രമാണ് മില്ലർക്ക് നേടാനായത്. കെ എൽ രാഹുൽ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിലാണ് ഡൽഹി ഇപ്പോൾ പ്രധാനമായും പ്രതീക്ഷ വെക്കുന്നത്.


വിക്കറ്റിലെ മാറ്റങ്ങൾ കണക്കിലെടുത്ത് വരും മത്സരങ്ങളിൽ ചേസിംഗ് തിരഞ്ഞെടുക്കുന്നത് ഗുണകരമായേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home