ജോബിൻ ജോബിയ്ക്ക് സെഞ്ചുറി: കൂച്ച് ബെഹാർ ട്രോഫിയിൽ കേരളം മികച്ച സ്കോറിലേക്ക്

jobin joby manav krishna thomas mathew

ജോബിൻ ജോബി, മാനവ് കൃഷ്ണ, തോമസ് മാത്യു

വെബ് ഡെസ്ക്

Published on Dec 03, 2025, 06:20 PM | 1 min read

ഹൈദരാബാദ്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ ശക്തമായി തിരിച്ചടിച്ച് കേരളം. 114 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റിന് 322 റൺസെന്ന നിലയിലാണ്. സെഞ്ചുറി നേടിയ ജോബിൻ ജോബിയുടെ ഇന്നിങ്സാണ് കേരളത്തിന് കരുത്ത് പകർന്നത്. കേരളത്തിന് ഇപ്പോൾ 208 റൺസിൻ്റെ ലീഡുണ്ട്.


മൂന്നാംദിവസം കളിയുടെ ഗതിനിർണയിച്ചത് ജോബിൻ ജോബിയുടെ ഉജ്വല ഇന്നിങ്‌സ് തന്നെയായിരുന്നു. ആക്രമണോത്സുക ബാറ്റിങിന് പേര് കേട്ട ജോബിൻ, തൻ്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ ഇന്നിങ്സായിരുന്നു കാഴ്ചവച്ചത്. സാഹചര്യങ്ങൾക്കനുസരിച്ച്, കരുതലോടെയായിരുന്നു ജോബിൻ ഇന്നിങ്സ് മുന്നോട്ടു നീക്കിയത്. തോമസ് മാത്യു മികച്ച പിന്തുണ നല്കിയപ്പോൾ ഇരുവരും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 111 റൺസ് പിറന്നു. 89 പന്തുകളിൽ നിന്ന് 67 റൺസെടുത്ത തോമസ് മാത്യുവിനെ യഷ് വീറാണ് പുറത്താക്കിയത്.


തുടർന്നെത്തിയ ഹൃഷികേശ് 21 റൺസ് നേടി. അമയ് മനോജ് രണ്ട് റൺസെടുത്ത് പുറത്തായി. മൂന്ന് റൺസിനിടെ വീണ രണ്ട് വിക്കറ്റുകൾ സമ്മർദ്ദ നിമിഷങ്ങൾ സമ്മാനിച്ചെങ്കിലും തുടർന്നെത്തിയ ക്യാപ്റ്റൻ മാനവ് കൃഷ്ണയും ജോബിനും ചേർന്ന് ഇന്നിങ്സ് ശ്രദ്ധയോടെ മുന്നോട്ട് നീക്കി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ മാനവ് അതേ ഫോമിലാണ് ബാറ്റിങ് തുടർന്നത്. മറുവശത്ത് കരുതലോടെ ജോബിനും നിലയുറപ്പിച്ചതോടെ കേരളത്തിൻ്റെ സ്കോർ മുന്നൂറും പിന്നിട്ട് മുന്നേറി. കളി നിർത്തുമ്പോൾ ജോബിൻ 120ഉം മാനവ് കൃഷ്ണ 76ഉം റൺസോടെ ക്രീസിലുണ്ട്. ഇരുവരും ചേർന്ന് ഇതിനകം 123 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 257 പന്തുകളിൽ 12 ബൗണ്ടറികളടക്കമാണ് ജോബിൻ 120 റൺസ് നേടിയത്. 89 പന്തുകളിൽ ഏഴ് ഫോറും മൂന്നു സിക്സുമടങ്ങുന്നതാണ് മാനവിൻ്റെ ഇന്നിങ്സ്.


സ്കോ‍‌ർ:

കേരളം ഒന്നാം ഇന്നിങ്സ് - 268, രണ്ടാം ഇന്നിങ്സ് നാല് വിക്കറ്റിന് 322

ഹൈദരാബാദ് ഒന്നാം ഇന്നിങ്സ് - 382




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home