ഖാദിയുടെ മേലുള്ള ജിഎസ്ടി ഭാരം ഒഴിവാക്കണം: വി ശിവദാസൻ എംപി

sivadasan mp
വെബ് ഡെസ്ക്

Published on Dec 03, 2025, 06:24 PM | 1 min read

ന്യൂഡൽഹി : ജിഎസ്ടി മൂലം ഖാദി സ്ഥാപനങ്ങളും തൊഴിലാളികളും നേരിടുന്ന കടുത്ത വെല്ലുവിളികൾക്ക് പരിഹാരമുണ്ടാകണമെന്ന് ഡോ. വി ശിവദാസൻ എംപി. വിഷയം രാജ്യസഭയിൽ പ്രത്യേക പരാമർശമായി ഉന്നയിച്ചു. 2017 ജൂലൈ 1ന് ജിഎസ്ടി നിലവിൽ വന്നുവെങ്കിലും ഖാദി നൂൽ, ഗാന്ധി തൊപ്പി, ദേശീയ പതാക, സമാനമായ വസ്തുക്കൾ എന്നിവയ്ക്ക് 2017 സെപ്തംബർ 26 മുതൽ മാത്രമാണ് ജിഎസ്ടി ഇളവ് അനുവദിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്.


മുൻകാല പ്രാബല്യം അനുവദിച്ചിട്ടില്ലാത്തതിനാൽ, 2017 ജൂലൈ 1നും സെപ്തംബർ 25നും ഇടയിൽ വിറ്റഴിച്ച എല്ലാ ഖാദി ഉൽപ്പന്നങ്ങൾക്കും നികുതി ചുമത്തുന്ന സ്ഥിതി വന്നു. ഇത് ചെറിയ മാർജിനിൽ പ്രവർത്തിക്കുന്ന ഖാദി സ്ഥാപനങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക ബാധ്യത സൃഷ്ടിച്ചു.


റെഡിമെയ്‌ഡുകൾ, ബെഡ്‌ഷീറ്റുകൾ, തലയിണ കവറുകൾ എന്നിവയുൾപ്പെടെ നിരവധി ഖാദി ഉൽപ്പന്നങ്ങളിൽ 1000 രൂപയിൽ താഴെയുള്ള ഉൽപ്പന്നങ്ങൾക്ക് 5 ശതമാനവും 1000 രൂപയിൽ കൂടുതലുള്ളവയ്ക്ക് 12 ശതമാനവും നിരക്കിൽ ജിഎസ്ടി ബാധകമാണെന്നും ഡോ. ശിവദാസൻ ചൂണ്ടിക്കാട്ടി. ഖാദി പൂർണ്ണമായും കൈകൊണ്ട് നിർമിക്കുന്നതിനാൽ ഉൽപ്പാദനച്ചെലവ് സ്വാഭാവികമായും ഉയർന്നതാണ്. അധിക ജിഎസ്ടി ഭാരം ചില്ലറ വിൽപ്പന വിലകൾ കൂടുതൽ വർദ്ധിപ്പിക്കുകയും അതുവഴി വിൽപ്പന ക്രമേണ കുറയുകയും ചെയ്യുന്നു.


ഈ ഇടിവ് ഖാദി മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് പേരുടെ ഉപജീവനമാർഗത്തെ തകർക്കുകയും ഗ്രാമീണ തൊഴിലിലും സ്വാശ്രയത്വത്തിലും ചരിത്രപരമായി നിർണായക പങ്ക് വഹിച്ചിട്ടുള്ള ഖാദി മേഖലയുടെ ദീർഘകാല നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്ന് എംപി പറഞ്ഞു.


ഖാദി ഉൽപ്പന്നങ്ങൾക്ക് പൂർണ്ണമായ ജിഎസ്ടി ഇളവ് പരിഗണിക്കുകയോ ഖാദി സ്ഥാപനങ്ങൾക്ക് തടസമില്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ഉറപ്പാക്കുകയോ ചെയ്യണമെന്ന് ഡോ. ശിവദാസൻ എംപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഖാദി തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഖാദി മേഖലയെ പുനരുജീവിപ്പിക്കുന്നതിനും അത്തരം നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home