നീതി നിഷേധം വ്യാപകം; റെയിൽവേ നയത്തിനെതിരായ സമരം നാളെ സമാപിക്കും

എറണാകുളത്ത് നടക്കുന്ന നിരാഹാരസമരത്തിൽ നിന്ന്
തിരുവനന്തപുരം: റെയിൽവേ ബോർഡിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെയുള്ള ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ 48 മണിക്കൂർ നിരാഹാരസമരം തുടരുന്നു. റെയിൽവേയിലെ 12.50 ലക്ഷം ജീവനക്കാരിൽ 2.45 ലക്ഷം ഒഴിവുകൾ നികത്താതെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യം അധികാരികളുടെ കെടുകാര്യസ്ഥത കാരണമാണെന്ന് സമര സമിതി പറഞ്ഞു.
പല ഒഴിവുകളുടെയും ആദ്യ ടെസ്‌റ്റ് പോലും ഇതുവരെ നടത്തിയിട്ടില്ല. ഓരോ വർഷവും 5000 ലോക്കോപൈലറ്റ്മാർ വിരമിക്കുന്നതിന് അനുസരിച്ച് അതത് വർഷം റിക്രൂട്ടിങ് നടത്തണമെന്ന റിപ്പോർട്ട് നടപ്പിലാക്കുവാൻ 2018 ന് ശേഷം ശ്രമിച്ചിട്ടില്ല.
ജീവനക്കാർക്ക് 2024ജനുവരി ഒന്നുമുതൽ വർധിപ്പിച്ച ടിഎ നൽകുന്നത് റണ്ണിംഗ് ജീവനക്കാർക്ക് മാത്രം നൽകാതിരിക്കുന്നത് ഒരു വിഭാഗത്തോട് മാത്രമുള്ള നീതിനിഷേധമാണ്. ഇത് തന്നെയാണ് ഇൻകംടാക്സ് ഇളവിൽ റണ്ണിംഗ് ജീവനക്കാരെ പരിഗണിക്കാത്തത്.
ഈ സാമ്പത്തിക പ്രശ്‌നങ്ങളുടെ തീരുമാനം റെയിൽവേ ഫൈനാൻസ് ചെയർമാനും ബോർഡ് അംഗങ്ങളും ചേർന്ന് എടുക്കണ്ടതാണെങ്കിലും. അവരെ ബാധിക്കുന്ന പ്രശ്‌നമല്ലാത്തതിനാൽ ഇടപെടൽ നടത്തുന്നില്ല. ശരിയായ വിശ്രമ സമയം പോലും ലഭ്യമാകാത്ത വിധത്തിലാണ് ജോലി സമയമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
എറണാകുളത്ത് രണ്ടാം ദിവസം നടക്കുന്ന നിരാഹാരസമരത്തിൽ യൂണിയൻ്റെ ഡിവിഷണൽ വൈസ് പ്രസിഡൻ്റ് ജെ വേണുഗോപാൽ, സതേൺ റെയിൽവേ മഹിള കൺവീനർ ആരതി ജോർജ് ,സുന്ദരി, ഡിആർഇയു ഡിവിഷണൽ പ്രസിഡൻ്റ് എം എൽ വിബി എന്നിവർ സംസാരിച്ചു.
ദേശവ്യാപകമായി നടക്കുന്ന 48 മണിക്കൂർ എൽആർഎസ് തൊഴിലാളി സമരം വ്യാഴാഴ്ച രാവിലെ പത്തിന് സമാപിക്കും.








0 comments