ഹോങ്കോങ്ങിലെ തീപിടിത്തം: മരിച്ചവരുടെ എണ്ണം 159 ആയി; തിരിച്ചറിഞ്ഞ 140 പേരിൽ 91 സ്ത്രീകളും 49 പുരുഷന്മാരും

ഹോങ്കോങ്: ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 159 ആയി ഉയർന്നു. മരിച്ചവരിൽ 140 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിൽ 91സ്ത്രീകളും 49 പുരുഷന്മാരും ഉൾപ്പെടുന്നു.
കൂടുതൽ തിരച്ചിൽ പുരോഗമിക്കുകയാണ്. തീപിടിത്തമുണ്ടായ കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തീപിടിക്കുന്നതും നിലവാരമില്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ചതിന് ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേരെ ഹോങ്കോങ്ങിന്റെ അഴിമതി വിരുദ്ധ സംഘം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ലോകത്തെ നടുക്കിയ അപകടം. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ന്യൂ ടെറിട്ടറീസിലെ തായ് പോയിലാണ് ഈ കെട്ടിട സമുച്ചയമുള്ളത്. 4,600 ഓളം താമസക്കാരുള്ള 1,984 അപ്പാർട്ടുമെന്റുകളുള്ള ഏഴ് നില കെട്ടിടങ്ങളിലാണ് തീപടർന്നുപിടിച്ചത്. കെട്ടിട സമുച്ചയത്തിൽ അധികവും വയോധികരായ താമസക്കാരായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു.

കെട്ടിടങ്ങളിലെ ഫയർ അലാറം പ്രവർത്തിച്ചില്ലെന്ന് അപകടത്തിൽ നിന്ന് രക്ഷപെട്ടവർ വ്യക്തമാക്കി. ആളുകൾക്ക് മുന്നറിയിപ്പ് ലഭിക്കാഞ്ഞത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ച മുളകൊണ്ടുള്ള സ്കാഫോൾഡിംഗിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്നാണ് സൂചന. തുടർന്ന് തീജ്വാലകൾ പല അപ്പാർട്ട്‌മെൻ്റ് ബ്ലോക്കുകൾക്ക് ചുറ്റുമുള്ള സ്കാഫോൾഡിംഗുകളിലേക്കും നിർമാണ വലകളിലേക്കും പടർന്നു. ശക്തമായ കാറ്റും നിർമ്മാണ അവശിഷ്ടങ്ങളും തീ വേഗത്തിൽ പടരാൻ കാരണമായി. പല താമസക്കാരും പ്രായമായവരായതിനാൽ വേഗത്തിൽ രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

അപകടത്തിനു പിന്നാലെ ആശുപത്രികൾ അടക്കമുള്ള കെട്ടിടങ്ങളിൽ പരിശോധന ശക്തമാക്കാൻ സർക്കാർ നിർദേശിച്ചു. ഫ്ലാറ്റുകൾ പൂർണ്ണമായും കത്തിനശിച്ചതിനാൽ രക്ഷപെട്ടവരെ സമീപത്തുള്ള 1000 ഒഴിഞ്ഞ ഫ്ലാറ്റുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്.








0 comments