ഗോളടിക്കുമെന്ന് പറഞ്ഞാൽ അടിച്ചിരിക്കും; സമൂഹമാധ്യമങ്ങളിൽ ഗോളടിച്ച് വൈറലായി എൽഡിഎഫ് സ്ഥാനാർഥി

പാലക്കാട് : 'ഗോളടിച്ചാൽ വീട്ടിൽ എല്ലാവരോടും എനിക്ക് വോട്ട് ചെയ്യാൻ പറയണം'. പാലക്കാട് കപ്പൂർ പഞ്ചായത്തിലെ 11ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ശിവന്റെ വാക്കുകൾ കേട്ടപ്പോൾ ആദ്യം കുട്ടികൾക്ക് അത്ഭുതം. പിന്നെ ഗോളടിച്ചില്ലെങ്കിൽ പുതിയ പന്ത് വാങ്ങി നൽകണമെന്ന് കുട്ടികളുടെ പന്തയം. ഗോളടിച്ചാലും ഇല്ലെങ്കിലും പന്ത് വാങ്ങി നൽകുമെന്ന് ഉറപ്പു നൽകി സ്ഥാനാർഥി കളിക്കളത്തിലേക്ക്. പന്ത് കൃത്യമായി ഗോൾപോസ്റ്റിൽ. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ കുട്ടികൾക്കും സന്തോഷം.
പാലക്കാട് പട്ടാമ്പി കപ്പൂർ പഞ്ചായത്തിലെ 11ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ശിവന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് കളിച്ച് ഗോളടിക്കുന്ന വീഡിയോ വൈറലായതോടെ മന്ത്രി എം ബി രാജേഷും തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചു. ശിവൻ മാസ്സാണ്! . കപ്പൂർ പഞ്ചായത്ത് വാർഡ് 11ലെ എൽഡിഎഫ് സ്ഥാനാർഥിയാണ് നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ ഊർജസ്വലനായ യുവനേതാവ് ശിവൻ. ഇതിനകം വൈറൽ ആയ ഈ വീഡിയോ ഇനിയും കാണാത്തവർ കാണൂ...ഗോളടിക്കുമെന്ന് പറഞ്ഞാൽ ഗോളടിച്ചിരിക്കും... ജയിക്കുമെന്ന് പറഞ്ഞാൽ ജയിച്ചിരിക്കും.... എന്ന ക്യാപ്ഷനോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചത്. പന്തയത്തിൽ ജയിച്ചെങ്കിലും കുട്ടികൾക്ക് കളിക്കാൻ പുതിയ പന്ത് വാങ്ങി നൽകുമെന്നു പറഞ്ഞാണ് സ്ഥാനാർഥി മടങ്ങിയത്.








0 comments