സമഗ്ര ശിക്ഷ; കേരളത്തിന് കേന്ദ്രം നൽകാനുള്ളത് 1160 കോടി രൂപ

ന്യൂഡൽഹി : സമഗ്ര ശിക്ഷ പദ്ധതിയ്ക്ക് കീഴിൽ കേരളത്തിന് നൽകാനുള്ള 1160.52 കോടി രൂപ. ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നൽകിയ മറുപടിയിലാണ് കേരളത്തോടുള്ള അവഗണന വ്യക്തമാക്കിയത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പിഎംശ്രീയിൽ ഒപ്പിട്ട് പണം വാങ്ങുന്നുണ്ടെന്നാണ് കേന്ദ്രം ഉയർത്തുന്ന ന്യായീകരണം.
2022–23 ൽ കേരളത്തിന് 348.47 കോടിയുടെ കേന്ദ്ര വിഹിതം അനുവദിച്ചെങ്കിലും ലഭിച്ചത് 178.16 കോടി മാത്രമാണ്; 2023–24 ൽ 343.34 കോടി അനുവദിച്ചു, അതിൽ 141.66 കോടി മാത്രമാണ് അനുവദിച്ചത്; 2024–25 ൽ, 428.89 കോടിയുടെ അംഗീകാരം ലഭിച്ചിട്ടും ഒരു രൂപ പോലും നൽകിയില്ല; 2025-26 ൽ 92.41 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇതിൽ 2022–23 മുതൽ സ്‌എസ് ഫണ്ടിനത്തിൽ കേരളത്തിന് 1160.52 കോടി രൂപയാണ് ലഭിക്കാനുള്ളത്.
2018 ൽ ആരംഭിച്ച കേന്ദ്ര സ്പോൺസർഷിപ്പ് പദ്ധതിയാണ് സമഗ്ര ശിക്ഷാ പദ്ധതി.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ 60:40 എന്ന ഫണ്ടിംഗ് പാറ്റേൺ ആണുള്ളത്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ൽ അണ് അവതരിപ്പിച്ചത്. പിഎംശ്രീ 2022ലും. എന്നാലും എസ്എസ്എ ഫണ്ട് ഇവയുമായി ബന്ധിപ്പിച്ചാണ് കേന്ദ്രം കേരളത്തിനുള്ള ഫണ്ട് തടയുന്നത്.
സമഗ്ര ശിക്ഷയ്ക്ക് കീഴിലുള്ള സാമ്പത്തിക ചിലവിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കുന്ന സാഹചര്യത്തിൽ 2018 ലെ പദ്ധതി പ്രകാരം ഫണ്ട് ലഭിക്കുന്നതിന് 2020ലെയും 2022ലെയും പദ്ധതികൾ അംഗീകരിക്കണമെന്ന് നിർബന്ധിക്കുന്നത് ന്യായമല്ലെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. പിഎംശ്രീയ്‌ക്കുള്ള ധാരണാപത്രത്തിൽ ഒപ്പിടാൻ നിർബന്ധിക്കാതെ മുമ്പ് കേന്ദ്രം സമഗ്ര ശിക്ഷാ ഫണ്ടുകൾ അനുവദിച്ചിരുന്നു. ഇതിനുശേഷം ഈ നിബന്ധന ഏർപ്പെടുത്തിയത് വിദ്യാഭ്യാസ ഫണ്ടുകളുടെ വിതരണത്തിലുള്ള രാഷ്ട്രീയ കൈകടത്തലിനെപ്പറ്റി ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
എന്നാൽ കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളും പിഎംശ്രീ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നും അവർക്ക് ആവശ്യത്തിന് ഫണ്ടുകൾ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സർക്കാർ നിലപാടിനെ ന്യായീകരിക്കുകയാണ്. എസ്‌എസ്‌എ ഫണ്ടുകൾ കിട്ടുന്നതിന് പിഎംശ്രീയിൽ ഒപ്പിടണമെന്ന നിബന്ധന മാറ്റാമോയെന്ന് ചോദ്യത്തിന് കൃത്യമായ മറുപടി മന്ത്രി നൽകിയില്ല. എയിഡഡ് സ്‌കൂളുകളെ എസ്‌എസ്‌എയുടെ ഭാഗമാക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.








0 comments