സി കെ നായിഡു ട്രോഫി: ഷോൺ റോജറിന് സെഞ്ചുറി; കേരളം 255 റൺസിന് പുറത്ത്

തിരുവനന്തപുരം: അണ്ടർ 23 സി കെ നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 255 റൺസിന് പുറത്ത്. സെഞ്ചുറി നേടിയ ഷോൺ റോജറാണ് (101) കേരളത്തിന് രക്ഷകനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെടുത്തിട്ടുണ്ട്.
തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ കെസിഎ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടാണ് കേരളം ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയത്. ഓപ്പണർമാരായ അഭിഷേക് ജെ നായരും (18), എസ് എസ് അക്ഷയും (11) പുറത്തായതിന് പിന്നാലെ മൂന്നാം വിക്കറ്റിൽ വരുൺ നായനാരും ഷോൺ റോജറും ചേർന്നുള്ള 130 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്സിന് അടിത്തറയിട്ടത്. വരുൺ 64 റൺസെടുത്തു.
പിന്നീട് എത്തിയവരിൽ എ. ജിഷ്ണു (27) മാത്രമാണ് പിടിച്ചു നിന്ന്ത്. അഹ്മദ് ഇമ്രാൻ, ആസിഫ് അലി, ക്യാപ്റ്റൻ അഭിജിത് പ്രവീൺ എന്നിവർക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. മറുവശത്ത് ഉറച്ചുനിന്ന ഷോൺ റോജർ സെഞ്ചുറി പൂർത്തിയാക്കി. 182 പന്തുകളിൽ 14 ബൗണ്ടറികളും ഒരു സിക്സും അടക്കം 101 റൺസാണ് ഷോൺ നേടിയത്. ഗോവയ്ക്ക് വേണ്ടി യഷ് കസവങ്കറും സമർത്ഥും നാല് വിക്കറ്റ് വീതം വീഴ്ത്തി.










0 comments