Deshabhimani

കൊക്കെയ്ൻ ഉപയോഗം: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് ഒരു മാസം വിലക്ക്

Chris Lynn

ക്രിസ് ലിൻ| Photo

വെബ് ഡെസ്ക്

Published on Nov 06, 2026, 03:08 PM | 1 min read

മെൽബൺ : കൊക്കെയ്ൻ ഉപയോഗിച്ചതിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് ഒരു മാസത്തെ വിലക്ക്. ഇംഗ്ലണ്ട് ക്രിക്കറ്റ് റെഗുലേറ്ററാണ് വെള്ളിയാഴ്ച ഇക്കാര്യം പുറത്തുവിട്ടത്. വിലക്കിന്റെ കാലാവധി താരം ഇതിനകം പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു.


ഇംഗ്ലണ്ടിലെ ട്വന്റി20 ബ്ലാസ്റ്റ് ഫൈനൽ ദിനമായ ജൂലൈ 18ന് നടത്തിയ ഉത്തേജകവിരുദ്ധ പരിശോധനയിലാണ് 36കാരനായ ലിൻ പോസിറ്റീവായത്. അന്ന് നോർതാംപ്ടൺഷെയറിനുവേണ്ടിയാണ് താരം കളിച്ചത്. കൊക്കെയ്ൻ ഉപയോഗത്തിന് ശേഷം ശരീരത്തിൽ കാണപ്പെടുന്ന ബെൻസോയിൽഎക്ഗോണിൻ എന്ന പദാർഥത്തിന്റെ അളവ് പരിശോധനയിൽ കണ്ടെത്തി. ലിൻ കുറ്റം സമ്മതിക്കുകയും ചെയ്തു.


ആദ്യം മൂന്ന് മാസത്തെ വിലക്കാണ് താരത്തിന് ലഭിച്ചത്. എന്നാൽ ലഹരിവസ്തു ദുരുപയോഗവുമായി ബന്ധപ്പെട്ട പുനരധിവാസ പരിപാടി പൂർത്തിയാക്കിയതോടെ വിലക്ക് ഒരു മാസമായി കുറച്ചു. മത്സരത്തിന് പുറത്തുള്ള സമയത്താണ് ലഹരിമരുന്ന് ഉപയോഗിച്ചതെന്നും കായിക പ്രകടനവുമായി ഇതിന് ബന്ധമില്ലെന്നും റെഗുലേറ്റർ അംഗീകരിച്ചു.


ബിഗ് ബാഷ് ലീഗിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനാണ് ലിൻ. ഓസ്ട്രേലിയക്കായി 18 ട്വന്റി20 രാജ്യാന്തര മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യൻസ് ടീമുകളുടെയും ഭാഗമായിരുന്നു. 2021ലായിരുന്നു അവസാന ഐപിഎൽ മത്സരം.


വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് സീസണിൽ മെൽബൺ റെനഗേഡ്‌സിനായി താരം കളിച്ചേക്കുമെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. അടുത്ത മാസമാണ് പുതിയ സീസൺ ആരംഭിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home