ad
Deshabhimani

print edition വിറച്ചുനേടി; അരങ്ങേറ്റം ഗംഭീരമാക്കി സൂര്യകുമാർ

Suryakumar Yadav.JPG
വെബ് ഡെസ്ക്

Published on Feb 08, 2026, 12:42 AM | 2 min read

മുംബൈ: ഒന്നു ഞെട്ടി. പിന്നെ വിറച്ചു. ഒടുവിൽ അനായാസ ജയം. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ക്യാപ്‌റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി സൂര്യകുമാർ യാദവ്‌. പ്രിയ സ്‌റ്റേഡിയമായ വാംഖഡേയിൽ ഇന്ത്യ 29 റണ്ണിന്‌ അമേരിക്കയെ കീഴടക്കി. പത്ത്‌ ഫോറും നാല്‌ സിക്‌സറുമടക്കം 49 പന്തിൽ 84 റണ്ണെടുത്ത്‌ പുറത്താകാതെനിന്ന സൂര്യകുമാറാണ്‌ കളിയിലെ താരം. സ്‌കോർ: ഇന്ത്യ 161/9, അമേരിക്ക 132/8.


ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ പതിമൂന്നാം ഓവറിൽ 77/6 എന്ന സ്‌കോറിൽ പ്രതിസന്ധിയിലായി. സൂര്യകുമാറിന്റെ ഒറ്റയാൾ പേരാട്ടമാണ്‌ മികച്ച സ്‌കോർ ഒരുക്കിയത്‌. 15 റണ്ണെടുത്ത്‌ നിൽക്കവെ കിട്ടിയ ക്യാച്ച്‌ നിലത്തിട്ടതിന്‌ അമേരിക്ക വലിയ വില നൽകേണ്ടിവന്നു. ശുഭം രഞ്‌ജനെയാണ്‌ സ്വന്തം ബ‍ൗളിങ്ങിൽ അവസരം തുലച്ചത്‌. തുടർന്ന്‌ കത്തിക്കയറിയ സൂര്യകുമാർ മൈതാനത്തിന്റെ മുക്കിലും മൂലയിലേക്കും പന്തടിച്ചകറ്റി. 36 പന്തിൽ അർധസെഞ്ചുറി കണ്ടെത്തി.


അവസാന അഞ്ച്‌ ഓവറിൽ 67 റണ്ണടിച്ചതിൽ പ്രധാനസംഭാവന ക്യാപ്‌റ്റന്റേതായിരുന്നു. അവസാന ഓവർ എറിഞ്ഞ സ‍ൗരഭ്‌ നേത്രവാൽക്കർ ഇ‍ൗ രാത്രി മറക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. രണ്ട്‌ വീതം ഫോറും സിക്‌സറുമടക്കം 21 റൺ. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺ വഴങ്ങിയ ബ‍ൗളർ എന്ന ചീത്തപ്പേരും കിട്ടി. നാല്‌ ഓവറിൽ 65 റണ്ണാണ്‌ വിട്ടുകൊടുത്തത്‌. അതിനിടെ ക്യാപ്‌റ്റനെന്ന നിലയിൽ സൂര്യകുമാർ 1000 റൺ തികച്ചു.

പുകൾപെറ്റ ഇന്ത്യൻ ബാറ്റിങ്നിരയെ ഞെട്ടിച്ച തുടക്കമാണ്‌ അമേരിക്കൻ ബ‍ൗളർമാരുടേത്‌. റണ്ണെടുക്കുംമുന്പ്‌ അഭിഷേക്‌ ശർമ ആദ്യ പന്തിൽ വീണു. ഇഷാൻ കിഷനും തിലക്‌ വർമയും ചേർന്ന്‌ 37 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. 16 പന്തിൽ 20 റണ്ണെടുത്ത ഇഷാനെയും 25 റൺ നേടിയ തിലക്‌വർമയെയും പുറത്താക്കി ഇന്ത്യയെ നടുക്കി. ശിവം ദുബെ ആദ്യ പന്തിൽ മടങ്ങിയപ്പോൾ റിങ്കു സിങ്ങിന്റെ സംഭാവന ആറ്‌ റണ്ണായിരുന്നു. ഹാർദിക്‌ പാണ്ഡ്യ അഞ്ച്‌ റണ്ണിൽ അവസാനിപ്പിച്ചു.


ഒരറ്റത്ത്‌ വിക്കറ്റ്‌ വീഴുമ്പോഴും സൂര്യകുമാർ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ്‌വീശി. അക്‌സർ പട്ടേൽ(14) ക്യാപ്‌റ്റന്‌ പിന്തുണ നൽകി. ഇവർ 41 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. അർഷ്‌ദീപ്‌ സിങ്ങും(4) വരുൺ ചക്രവർത്തിയും(0) പുറത്തായെങ്കിലും സൂര്യകുമാർ പിടികൊടുത്തില്ല. അമേരിക്കൻ നിരയിൽ ഷാദ്‌ലി വാൻ ഷാൽക്‌വിക്‌ നാല്‌ ഓവറിൽ 25 റൺ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ഹർമീത്‌ സിങ്ങിന്‌ രണ്ട്‌ വിക്കറ്റുണ്ട്‌.

ബ‍ൗളിങ്ങിലെ മികവ്‌ ബാറ്റിങ്ങിൽ തുടരാൻ അമേരിക്കയ്‌ക്കായില്ല. ഒരിക്കലും വിജയത്തിനായി ശ്രമിച്ചില്ലെന്നതാകും കൂടുതൽ ശരി. ഇന്ത്യൻ വംശജരായ സഞ്ജയ് കൃഷ്ണമൂർത്തി (37) മിലിന്ദ്‌കുമാറും (34) പൊരുതിനിന്നു. ഇന്ത്യക്കായി മുഹമ്മദ്‌ സിറാജ് മൂന്ന് വിക്കറ്റെടുത്തു. അക്-സർ പട്ടേലിനും അർഷ്ദീപിനും രണ്ട്‌ വിക്കറ്റുണ്ട്. ഇന്ത്യ 12ന്‌ ഡൽഹിയിൽ നമീബിയയെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home