ad
Deshabhimani

ബംഗ്ലാദേശ് ക്രിക്കറ്റ് സെലക്ഷൻ പാനൽ ചെയർമാനായി ഹബീബുൾ ബാഷർ; ലക്ഷ്യം 2027 ലോകകപ്പ്

habibul barshar
വെബ് ഡെസ്ക്

Published on Mar 23, 2026, 08:20 PM | 1 min read

ധാക്ക: ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ഷൻ പാനൽ ചെയർമാനായി മുൻ നായകൻ ഹബീബുൾ ബാഷറെ നിയമിച്ചു. നിലവിലുണ്ടായിരുന്ന മൂന്നംഗ സമിതി പുനഃസംഘടിപ്പിച്ച് നാലംഗ പാനലിനെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. 2027 ഒക്ടോബർ-നവംബർ മാസങ്ങളിൽ ആഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പ് വരെയുള്ള ടീമിനെ തിരഞ്ഞെടുക്കുന്ന ചുമതല ഈ സമിതിക്കായിരിക്കും.


ബംഗ്ലാദേശ് ടീമിലെ മുൻതാരമായ ബാഷർ രാജ്യത്തിനായി 50 ടെസ്റ്റുകളിലും 111 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരം എന്ന റെക്കോർഡും ഇദ്ദേഹത്തിന് സ്വന്തം. മുൻപ് പുരുഷ-വനിതാ ടീമുകളുടെ സെലക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


പുതിയ സമിതിയിലെ അംഗങ്ങൾ


ഹസീബുൾ ഹുസൈൻ: മുൻ ബംഗ്ലാദേശ് പേസറായ ഹസീബുൾ, 2025 സെപ്റ്റംബർ മുതൽ ഗാസി അഷ്‌റഫ് ഹൊസൈന്റെ നേതൃത്വത്തിലുള്ള മുൻ പാനലിലും അംഗമായിരുന്നു.


നയീം ഇസ്‌ലാം: 20 വർഷത്തെ ദേശിയ-ആഭ്യന്തര കരിയറിൽ 20,000 ത്തിലധികം റൺസ് നേടിയ താരമാണ് 39 കാരനായ നയീം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ (34) നേടിയ ബംഗ്ലാദേശ് താരം എന്ന റെക്കോർഡും ഇദ്ദേഹത്തിന് സ്വന്തം.


നദീഫ് ചൗധരി: ബംഗ്ലാദേശിനായി ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുള്ള നദീഫ്, വിരമിച്ച ശേഷം ബിസിബിയുടെ ജൂനിയർ ലെവൽ സെലക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.


മുൻ ചെയർമാൻ ഗാസി അഷ്‌റഫ് ഹൊസൈൻ തന്റെ കാലാവധിക്ക് ശേഷം കരാർ പുതുക്കാൻ താല്പര്യപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ സമിതിയെ നിയോഗിക്കാൻ ബിസിബി തീരുമാനിച്ചത്. 2027 ലോകകപ്പിനായി കരുത്തുറ്റ ഒരു ടീമിനെ വാർത്തെടുക്കുക എന്ന ദൗത്യമാണ് ഹബീബുൾ ബാഷറുടെ നേതൃത്വത്തിലുള്ള പുതിയ പാനലിന് മുന്നിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home