ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ പ്രതിസന്ധി; രണ്ടാമത്തെ ഡയറക്ടറും രാജിവെച്ചു

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മീഡിയ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതിൽ പ്രതിഷേധിച്ച് ഡയറക്ടർ അംജദ് ഹൊസൈൻ ബോർഡിൽ നിന്ന് രാജിവെച്ചു. ഞായറാഴ്ച ഡയറക്ടർ മുഹമ്മദ് മൊഖ്സെദുൽ കമാലിനെ പുതിയ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് കമ്മിറ്റി ചെയർമാനായി ബോർഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അംജദ് ഹൊസൈൻ രാജിക്കത്ത് നൽകിയത്.
2025 ഒക്ടോബർ മുതൽ ഈ ചുമതല വഹിച്ചുവരികയായിരുന്നു അംജദ് ഹൊസൈൻ. തന്നെ എന്തിനാണ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് വ്യക്തമല്ലെന്നും തന്റെ ഭാഗത്ത് എന്ത് വീഴ്ചയാണ് ഉണ്ടായതെന്ന് ബോർഡ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "എന്റെ രാജി ഒരു പ്രതിഷേധമായി നിങ്ങൾക്ക് കണക്കാക്കാം," അംജദ് ഹൊസൈൻ മാധ്യമങ്ങളോട് പറഞ്ഞു.
ബിസിബി തെരഞ്ഞെടുപ്പിലെ സുതാര്യതയില്ലായ്മയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മുൻകാലങ്ങളിൽ പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്ന് വലിയ പങ്കാളിത്തം ഉണ്ടാകാറുണ്ടായിരുന്നുവെന്നും എന്നാൽ ഇത്തവണ പലരും പിന്മാറിയത് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ രാജ്യങ്ങളിൽ പോലും തെരഞ്ഞെടുപ്പുകൾ ചോദ്യം ചെയ്യപ്പെടാറുണ്ടെന്നും ഇത് ഒരു തുടർച്ചയായ പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ നാഷണൽ സ്പോർട്സ് കൗൺസിൽ കമ്മിറ്റിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തനിക്ക് അറിവില്ലെന്നും കഴിഞ്ഞ 10 ദിവസമായി താൻ രാജ്യത്തിന് പുറത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ച ഇഷ്തിയാഖ് സാദിഖിന് ശേഷം നിലവിലെ ബോർഡിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ ഡയറക്ടറാണ് അംജദ് ഹൊസൈൻ.










0 comments