ഊർജ്ജ സംരക്ഷണം; മത്സരങ്ങളുടെ സമയക്രമം മാറ്റി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ധാക്ക: രാജ്യത്തെ ഊർജ്ജ സംരക്ഷണ പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദേശീയ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. വരാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ പുരുഷ ടീമിന്റെ ഏകദിന പരമ്പരയുടെയും ശ്രീലങ്കയ്‌ക്കെതിരായ വനിതാ ടീമിന്റെ ട്വന്റി 20 പരമ്പരയുടെയും സമയത്തിലാണ് ബോർഡ് മാറ്റം വരുത്തിയത്.
പകൽ വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തി വൈദ്യുതി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് ബിസിബി പ്രസ്താവനയിൽ വ്യക്തമാക്കി.പുതിയ ക്രമീകരണമനുസരിച്ച് ന്യൂസിലൻഡിനെതിരായ ഏകദിന മത്സരങ്ങൾ നിശ്ചയിച്ചിരുന്നതിലും മൂന്ന് മണിക്കൂർ നേരത്തെ ആരംഭിക്കും.
രാവിലെ 11 മണിക്ക് തുടങ്ങുന്ന മത്സരങ്ങൾ വൈകുന്നേരം 6:30-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ട്വന്റി 20 മത്സരങ്ങൾ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5:30-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വനിതാ ടീമിന്റെ മത്സരക്രമത്തിലും സമാനമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വൈകുന്നേരം 6 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 മത്സരങ്ങൾ ഇനി ഉച്ചയ്ക്ക് 1:30-ന് ആരംഭിക്കും. ഏപ്രിൽ 28, 30, മെയ് 2 തീയതികളിൽ സിലറ്റ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഈ മത്സരങ്ങൾ നടക്കുക. സർക്കാരിന്റെ ഊർജ്ജ ലാഭിക്കൽ ദൗത്യത്തിൽ കായിക മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ബോർഡ് ഇതിലൂടെ ശ്രമിക്കുന്നത്.
ഏപ്രിൽ 13-ന് ബംഗ്ലാദേശിലെത്തുന്ന ന്യൂസിലൻഡ് ടീം മൂന്ന് ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20 മത്സരങ്ങളിലുമാണ് പങ്കെടുക്കുക. ഏപ്രിൽ 17-ന് ധാക്കയിലാണ് പരമ്പരയിലെ ആദ്യ ഏകദിനം. ചിറ്റഗോംഗിലും ധാക്കയിലുമായി നടക്കുന്ന മത്സരങ്ങൾക്കായി ബംഗ്ലാദേശ് ടീം ഇതിനകം തന്നെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ ബിസിബിയുടെ ഈ മാതൃകാപരമായ തീരുമാനം വലിയ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.










0 comments