print edition അക്സർ തിളങ്ങി; വഴിത്തിരിവായത് മൂന്ന് ഓവറുകൾ

വിൽ ജാക്സടിച്ച പന്ത് ബൗണ്ടറി ലെെനിൽനിന്ന് ശിവം ദുബെയുടെ കെെകളിലേക്ക് തട്ടിയിടുന്ന അക്സർ പട്ടേൽ (ഇടത്ത്)
കൊൽക്കത്ത: ലോകകപ്പ് സെമിയിൽ മൂന്ന് ഓവറുകളാണ് ഇന്ത്യൻ വിജയത്തിൽ വഴിത്തിരിവായത്. അതിൽ ആദ്യത്തേത് സഞ്‌ജു സാംസണ് ജീവൻ തിരിച്ചുകിട്ടിയ ഇംഗ്ലണ്ടിന്റെ മൂന്നാം ഓവർ. അടുത്തത് ജസ്‌പ്രീത് ബുമ്ര എറിഞ്ഞ പതിനെട്ടാം ഓവറാണ്. അക്‌സർ പട്ടേലിന്റെ മാസ്‌മരിക ഫീൽഡിങ് കണ്ട പതിനാലാം ഓവറാണ് മറ്റൊന്ന്.
ഇംഗ്ലണ്ട് മൂന്നാം ഓവർ
ജോഫ്ര ആർച്ചെറുടെ രണ്ടാം ഓവറായിരുന്നു. ആദ്യ പന്തിൽ ഫോറടിച്ച് സഞ്‌ജു സാംസൺ നിലപാട് വ്യക്തമാക്കി. രണ്ടാം പന്തിൽ സഞ്‌ജു ഉയർത്തിയടിച്ചു. മിഡ്‌ഓണിന് മുകളിലൂടെ പറത്താനായിരുന്നു ശ്രമം. ഒരുനിമിഷം പിഴച്ചു. പന്ത് വായുവിൽ ഉയർന്നു. ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ഹാരിബ്രൂക്ക് പിടിച്ചെന്ന് ഉറപ്പിച്ചു. പക്ഷേ, പന്ത് കൈകൾക്കും നെഞ്ചിനും ഇടയിലൂടെ ഉൗർന്നിറങ്ങുന്നതാണ് കണ്ടത്. സ്‌റ്റേഡിയം ശ്വാസം വിട്ടു. ജീവൻ തിരിച്ചുകിട്ടുമ്പോൾ സഞ്‌ജുവിന്റെ സ്‌കോർ 15 മാത്രം. പിന്നീട് 74 റൺകൂടി ചേർത്താണ് മടങ്ങിയത്. ജയം ഏഴ് റണ്ണിനായിരുന്നുവെന്ന് അറിയുമ്പോഴാണ് നഷ്‌ടപ്പെട്ട ക്യാച്ചിന്റെ വില മനസ്സിലാകുക.
ഇന്ത്യ 14–ാം ഓവർ
അർഷ്‌ദീപ് സിങ് എറിഞ്ഞ ഒരു മോശം ഓവറായിരുന്നു. വിൽ ജാക്‌സും ജേക്കബ് ബെതെലും പിടിമുറുക്കിയ സമയം. തുടരെ മൂന്ന് വൈഡുകൾ. അവസാന പന്ത് വൈഡ്‌ഫുഡ്‌ടോസ്. ജാക്‌സ് സിക്‌സറിലേക്ക് പറത്തി. എന്നാൽ ബൗണ്ടറിലൈനിനരികെ പറിച്ചെടുക്കുന്നപോലെ അക്‌സർ പട്ടൽ പന്ത് റാഞ്ചി. പക്ഷേ, ബാലൻസ് പോയി വീഴാൻ തുടങ്ങവേ ഓടിയെത്തിയ ശിവംദുബെയ്‌ക്ക് പന്ത് എറിഞ്ഞുകൊടുത്തു. ദുബെ അനായാസം കൈയിലൊതുക്കി. ഫീൽഡിൽ അക്‌സറിന്റെ അവിശ്വസനീയ പ്രകടനം. ക്യാപ്‌റ്റൻ ഹാരിബ്രൂക്കിനെയും ഓപ്പണർ ഫിലിപ് സാൾട്ടിനെയും പുറത്താക്കാനുള്ള ക്യാച്ചുകൾ എടുത്തതും ഇൗ ഓൾറൗണ്ടറാണ്. ടോം ബാന്റണിന്റെ വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യ 18–ാം ഓവർ
കളിയുടെ ഫലംതന്നെ മാറ്റിമറിച്ച ഓവറാണ്. ജസ്‌പ്രീത് ബുമ്ര എറിയാനെത്തുമ്പോൾ ഇംഗ്ലണ്ടിന് മൂന്ന് ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 45 റൺ മതിയായിരുന്നു. ബുമ്രയുടെ ആദ്യ മൂന്ന് പന്തും യോർക്കറുകൾ. അടുത്തത് താഴ്‌ന്നെത്തിയ ഫുൾടോസ്. അഞ്ചാമത്തേത് ഫുൾടോസ്. അവസാനം വീണ്ടും യോർക്കർ. നാല് സിഗിളുകളും ഒരു ഡബിളും അടക്കം ഇംഗ്ലണ്ടിന് നേടാനായത് ആറ് റൺ മാത്രം. ഇതോടെ വിജയലക്ഷ്യം രണ്ട് ഓവറിൽ 39 റണ്ണായി. ബുമ്ര നാല് ഓവറിൽ 33 റൺ വഴങ്ങി ഒരു വിക്കറ്റെടുത്തു. 7, 12, 8, 6 എന്നിങ്ങനെയാണ് ഓരോ ഓവറിലും വഴങ്ങിയ റണ്ണുകൾ. വിജയത്തിൽ ബുമ്രയുടെ പങ്ക് നിർണായകമായെന്ന് സഞ്‌ജു ‘മാൻ ഓഫ് ദി മാച്ച്’ ഏറ്റുവാങ്ങി പറഞ്ഞത് വെറുതെയല്ല.









0 comments