അഭിഷേകിന് വിനയായത് മുംബൈയിൽ നിന്നും കഴിച്ച' ഏതോ 'ഭക്ഷണം; ശരീരഭാരം ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്

അഭിഷേക് ശർമ | Photo: AFP
മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ നമീബിയക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിന് മുൻപായി വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ വിശ്രമത്തിലായത് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഉദരസംബന്ധമായ അണുബാധയെത്തുടർന്ന് അഭിഷേക് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതോടെ മത്സരത്തിൽ നിന്ന് ഏതാണ്ട് പുറത്തായിരിക്കുകയാണ്. ബുധനാഴ്ച താരം ആശുപത്രി വിട്ടെങ്കിലും, ഞായറാഴ്ച പാകിസ്ഥാനുമായി നിർണായക മത്സരം നടക്കാനിരിക്കെ നമീബിയക്കെതിരെ കളിപ്പിച്ച് റിസ്ക് എടുക്കാൻ ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ല. ചുരുങ്ങിയ കാലയളവിനുള്ളിൽ നിർജ്ജലീകരണം മൂലം താരത്തിന്റെ ശരീരഭാരം ഗണ്യമായി കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ നെറ്റ് സെഷന് ശേഷം ഫെബ്രുവരി 6നാണ് പ്രശ്നങ്ങളുടെ തുടക്കം. അഭിഷേക് കഴിച്ച ഏതോ ഭക്ഷണം വയറിന് അസ്വസ്ഥതയുണ്ടാക്കുകയായിരുന്നു. മത്സരദിവസം സ്ഥിതി മോശമായിട്ടും കളത്തിലിറങ്ങി. എന്നാൽ, അമേരിക്കയ്ക്കെതിരെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ശാരീരികമായ അസ്വസ്ഥതകൾ കാരണം മത്സരശേഷം സഹതാരങ്ങളുമായി ഹസ്തദാനം ചെയ്യാൻ പോലും അഭിഷേകിന് സാധിച്ചിരുന്നില്ല.
അണുബാധയും കാലാവസ്ഥാ വ്യതിയാനവും കാരണം താരത്തിന് കടുത്ത പനിയും നിർജ്ജലീകരണവും അനുഭവപ്പെട്ടു. തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന അഭിഷേകിന് വേണ്ടി വ്യക്തിഗത ട്രെയിനറെ ഡൽഹിയിലേക്ക് വരുത്തിയിട്ടുണ്ട്. ശ്രീലങ്കയിലേക്ക് തിരിക്കുന്നതിന് മുൻപ് തന്റെ കരുത്ത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം.
"അഭിഷേകിന് ഇപ്പോഴും വയറ്റിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ട്. രണ്ടു ദിവസത്തിനുള്ളിൽ അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ," എന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് പ്രതികരിച്ചു.










0 comments