ad
Deshabhimani

ബുംറയ്ക്ക് ശേഷം ആര്? ഇന്ത്യൻ ബൗളിങ്ങിന്റെ ഭാവിയിൽ ആശങ്കയുമായി രവിചന്ദ്രൻ അശ്വിൻ

aswin and buhmrah
വെബ് ഡെസ്ക്

Published on Mar 20, 2026, 05:40 PM | 1 min read

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ബാറ്റിംഗ് കരുത്ത് വരും ദശകങ്ങളിലും സുരക്ഷിതമായിരിക്കുമെങ്കിലും ബൗളിങ്ങ് നിര വലിയ പ്രതിസന്ധി നേരിടാൻ പോകുകയാണെന്ന മുന്നറിയിപ്പുമായി ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ലോകത്തെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബൗളറായ ജസ്പ്രീത് ബുംറ വിരമിക്കുന്നതോടെ ഇന്ത്യൻ ബൗളിങ്ങിൽ നികത്താനാകാത്ത വലിയൊരു ശൂന്യത രൂപപ്പെടുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 'റെവ്സ്പോർട്സിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അശ്വിൻ തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.


ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ക്രിക്കറ്റിൽ ബാറ്റിങ്ങിനോടാണ് കൂടുതൽ താൽപ്പര്യമെന്നും ബൗളിങ്ങിനെ ആരും ഒരു ആകർഷകമായ ഉത്തരവാദിത്വമായി കാണുന്നില്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. ഗാലറിയിലേക്ക് സിക്സറുകൾ പറത്തി കാണികളെ രസിപ്പിക്കുന്ന ബാറ്റിങ്ങിന് ലഭിക്കുന്ന ഗ്ലാമർ ബൗളിങ്ങിന് ലഭിക്കുന്നില്ല.


മൈതാനത്ത് സിക്സറുകൾ വഴങ്ങുന്ന ഒരു ബൗളറാകാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം കുറയുകയാണെന്നും, ടൂർണമെന്റുകൾ ജയിക്കാൻ ബൗളിങ്ങ് അത്യാവശ്യമാണെന്ന ബോധ്യം പുതിയ തലമുറയിൽ ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യയുടെ വൈറ്റ് ബോൾ ബാറ്റിങ്ങ് നിര നിലവിൽ ലോകോത്തരമാണെന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ നിരവധി ഐസിസി കിരീടങ്ങൾ നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞ അശ്വിൻ, എന്നാൽ ബുംറയ്ക്ക് ശേഷം ആര് എന്ന ചോദ്യമാണ് തന്നെ അലട്ടുന്നതെന്ന് വ്യക്തമാക്കി.


മുൻപ് ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന കരുത്തുറ്റ ഒരു പേസ് നിര ഇന്ത്യയ്ക്കുണ്ടായിരുന്നു. എന്നാൽ ബുംറയ്ക്കും സിറാജിനും ശേഷം ആര് എന്ന ചോദ്യത്തിന് നിലവിൽ വ്യക്തമായ ഉത്തരം കണ്ടെത്താൻ പ്രയാസമാണ്.


അർഷ്ദീപ് സിംഗ്, ഹർഷിത് റാണ തുടങ്ങിയ യുവതാരങ്ങൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ബുംറയെപ്പോലൊരു മാച്ച് വിന്നറെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ നിന്നുള്ള പേസർ ആക്വിബ് നബിയെപ്പോലുള്ള പുതിയ പ്രതിഭകൾ ഉയർന്നു വരുന്നത് ആശ്വാസകരമാണെങ്കിലും ബൗളിങ്ങ് മേഖലയിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home