"ഹാർദിക്കിന്റേത് ഭീമാബദ്ധം, ക്യാപ്റ്റൻസി ശരാശരിക്കും താഴെ"; ഹാർദിക് പാണ്ഡ്യക്കെതിരെ ആഞ്ഞടിച്ച് അശ്വിൻ

മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമർശനവുമായി സീനിയർ താരം രവിചന്ദ്രൻ അശ്വിൻ.
മത്സരത്തിൽ ഹാർദിക് സ്വീകരിച്ച പല തീരുമാനങ്ങളും ശരാശരിക്കും താഴെയായിരുന്നുവെന്നും സ്പിന്നർമാരെ വിന്യസിച്ച രീതിയിൽ വലിയ പാളിച്ചകൾ സംഭവിച്ചുവെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. ആർസിബി നായകൻ രജത് പാട്ടിദാർ ക്രീസിലെത്തിയപ്പോൾ സ്പിന്നർ മായങ്ക് മാർക്കണ്ഡേയെ പന്തേൽപ്പിച്ചത് ഹാർദിക് കാണിച്ച ഭീമാബദ്ധമാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.
പാട്ടിദാർ ഒരു മികച്ച സ്പിൻ ഹിറ്ററാണെന്ന് 2024-ലെ ഐപിഎല്ലിൽ തന്നെ തെളിയിച്ചിട്ടുള്ളതാണെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. അന്ന് ഹൈദരാബാദിനായി കളിച്ച മാർക്കണ്ഡേയെ പാട്ടിദാർ ഒരോവറിൽ നാല് സിക്സറുകൾ പറത്തിയിരുന്നു.
ആ ചരിത്രം അറിഞ്ഞിട്ടും പാട്ടിദാർ ക്രീസിലെത്തിയ ഉടൻ തന്നെ വീണ്ടും മാർക്കണ്ഡേയെ പന്തേൽപ്പിച്ചത് ഒട്ടും ബുദ്ധിപരമായ നീക്കമായിരുന്നില്ല. ഇത്തവണയും മാർക്കണ്ഡേയുടെ ഒരോവറിൽ മൂന്ന് സിക്സറുകൾ പാട്ടിദാർ നേടി. ഇത്തരം പിഴവുകൾ പാട്ടിദാറിനെപ്പോലൊരു താരത്തിന് സെറ്റാകാൻ അവസരം നൽകിയെന്നും വെറും 17 പന്തിൽ അദ്ദേഹം അർധസെഞ്ചുറി നേടിയതിൽ അത്ഭുതമില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
മത്സരത്തിൽ മുംബൈയുടെ സ്പിന്നർമാർ വഴങ്ങിയ റൺസാണ് തോൽവിക്ക് പ്രധാന കാരണമെന്ന് അശ്വിൻ വിലയിരുത്തുന്നു. മായങ്ക് മാർക്കണ്ഡേ രണ്ട് ഓവറിൽ 40 റൺസും മിച്ചൽ സാന്റ്നർ നാല് ഓവറിൽ 43 റൺസും വഴങ്ങി. ഇതോടെ ആർസിബി സ്കോർ 210-ൽ ഒതുങ്ങേണ്ടിടത്ത് നിന്ന് 240-ലേക്ക് ഉയർന്നു.
6 ഓവറിൽ സ്പിന്നർമാർ മാത്രം 83 റൺസ് വിട്ടുനൽകിയത് കളി കൈവിടാൻ കാരണമായി. ടീമിനെ സൂര്യകുമാർ യാദവ് നയിക്കണമെന്ന് ഐപിഎൽ തുടങ്ങുന്നതിന് മുൻപേ അഭിപ്രായപ്പെട്ടിരുന്ന അശ്വിൻ, ഹാർദിക്കിന്റെ നേതൃത്വത്തിലുള്ള പാളിച്ചകൾ ടീമിനെ പ്രതിസന്ധിയിലാക്കുകയാണെന്ന തന്റെ നിലപാട് പരോക്ഷമായി ആവർത്തിക്കുകയും ചെയ്തു.
വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർസിബി ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 222 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഫിൽ സാൾട്ട് (78), രജത് പാട്ടിദാർ (53), വിരാട് കോഹ്‌ലി (50) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ബെംഗളൂരുവിന് 18 റൺസിന്റെ വിജയം സമ്മാനിച്ചത്.
നാല് കളികളിൽ നിന്ന് മൂന്ന് തോൽവി നേരിട്ട മുംബൈ നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. വ്യാഴാഴ്ച വാംഖഡെയിൽ വച്ച് തന്നെ നടക്കുന്ന അടുത്ത മത്സരത്തിൽ കരുത്തരായ പഞ്ചാബ് കിങ്‌സാണ് മുംബൈയുടെ എതിരാളികൾ.










0 comments