സിഎസ്കെയെ തകർത്ത വൈഭവം; ഇന്ത്യൻ ടീമിലെടുക്കാൻ തിരക്ക് കൂട്ടേണ്ടെന്ന് അശ്വിൻ

ചെന്നൈ: ഐപിഎൽ 2026-ലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന പ്രകടനമാണ് 15-കാരനായ വൈഭവ് സൂര്യവൻഷി പുറത്തെടുത്തത്. രാജസ്ഥാൻ റോയൽസിനായി ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ വെറും 15 പന്തിൽ അർധസെഞ്ചുറി തികച്ച താരം, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചുറിയെന്ന റെക്കോർഡും സ്വന്തമാക്കി. അഞ്ച് സിക്‌സും നാല് ഫോറും ഉൾപ്പെടെ 17 പന്തിൽ 52 റൺസെടുത്ത വൈഭവ്, രാജസ്ഥാന്റെ എട്ട് വിക്കറ്റ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വൈഭവിനെ ഉടൻ തന്നെ ഇന്ത്യൻ ടീമിലെടുക്കണമെന്ന ആവശ്യം മുഹമ്മദ് കൈഫ്, മൈക്കൽ വോൺ തുടങ്ങിയ മുൻ താരങ്ങൾ ഉയർത്തിക്കഴിഞ്ഞു. എന്നാൽ, കൗമാര താരത്തിന് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുതെന്നും അവനെ സ്വതന്ത്രമായി വളരാൻ അനുവദിക്കണമെന്നുമാണ് മുതിർന്ന ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്റെ അഭിപ്രായം.
"അവനെ വെറുതെ വിടുക, അവൻ ഒരു കുട്ടിയാണ്. എംഎസ് ധോണി 45 വയസ്സുവരെ കളിക്കുന്നുണ്ടെങ്കിൽ, സൂര്യവൻഷിക്ക് ഇനിയും രണ്ടര പതിറ്റാണ്ടിലധികം ക്രിക്കറ്റ് ബാക്കിയുണ്ട്. അവൻ തീർച്ചയായും ഇന്ത്യക്കായി കളിക്കും, പക്ഷേ അതിനായി നമ്മൾ എന്തിനാണ് ഇത്ര തിരക്ക് കൂട്ടുന്നത്?" എന്ന് അശ്വിൻ ചോദിച്ചു.
മത്സരത്തിൽ സിഎസ്‌കെ ബൗളർമാർക്ക് വൈഭവിന്റെ ബാറ്റിംഗ് വേഗതയ്ക്ക് മുന്നിൽ മറുപടിയുണ്ടായിരുന്നില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. മൈതാനത്ത് ചെന്നൈ താരങ്ങൾ തികച്ചും ദുർബലരായി കാണപ്പെട്ടുവെന്നും രാജസ്ഥാൻ ആധിപത്യത്തോടെയാണ് കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പണിങ് വിക്കറ്റിൽ യശസ്വി ജയ്‌സ്വാളിനൊപ്പം (38*) 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ വൈഭവ് പുറത്തായെങ്കിലും, ജയ്‌സ്വാളും ക്യാപ്റ്റൻ റിയാൻ പരാഗും (14*) ചേർന്ന് ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.










0 comments