ad
Deshabhimani

തിലക് വർമയ്ക്ക് നേരെ 'അന്ധേരി' പരാമർശം; അർഷ്‌ദീപ് സിംഗിനെതിരെ വംശീയ അധിക്ഷേപ വിവാദം

TILAK VARMA

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 15, 2026, 06:35 PM | 1 min read

ധർമശാല: മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ പഞ്ചാബ് കിംഗ്‌സ് പേസർ അർഷ്‌ദീപ് സിംഗ് 'അന്ധേരി' എന്ന് വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരത്തിനെതിരെ വംശീയ അധിക്ഷേപ ആരോപണവുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി.


വ്യാഴാഴ്ച ധർമ്മശാലയിൽ നടന്ന പഞ്ചാബ്-മുംബൈ മത്സരത്തിന് മുന്നോടിയായാണ് സംഭവം. പരസ്യമായി തിലകിനെ നോക്കി "ഓയ്, അന്ധേരി" (എടാ ഇരുട്ടേ) എന്ന് അർഷ്‌ദീപ് വിളിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.


കറുത്ത നിറമുള്ളവരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വംശീയമായ സ്ലാംഗ് ആണ് ഇതെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്റർനെറ്റിൽ താരത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നത്.


മൈതാനത്തിന് പുറത്ത് അർഷ്‌ദീപും തിലക് വർമയും അടുത്ത സുഹൃത്തുക്കളാണെന്നത് പരസ്യമായ കാര്യമാണെങ്കിലും, പൊതുമധ്യത്തിലെ ഇത്തരം ഭാഷാപ്രയോഗങ്ങളെ ഒട്ടും അംഗീകരിക്കാനാകില്ലെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പക്ഷം.


സോഷ്യൽ മീഡിയയിൽ വ്ലോഗുകളും റീലുകളുമായി സജീവമായ അർഷ്‌ദീപിനെതിരെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സുഹൃത്തുക്കൾ തമ്മിലുള്ള തമാശയാണെങ്കിൽ പോലും വംശീയ അർത്ഥങ്ങളുള്ള വാക്കുകൾ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.


അതേസമയം, വിവാദങ്ങൾക്കിടെ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യൻസ് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി.


പഞ്ചാബ് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്കായി തിലക് വർമയും റയാൻ റിക്കൽട്ടനും തകർപ്പൻ ബാറ്റിംഗാണ് കാഴ്ചവെച്ചത്. ഈ തോൽവിയോടെ ടൂർണമെന്റിൽ തുടർച്ചയായ അഞ്ചാം തോൽവി വഴങ്ങിയ പഞ്ചാബ് കിംഗ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home