ad
Deshabhimani

മുൻ ഇന്ത്യൻ അണ്ടർ 19 താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു

punjab player dies

അമൻപ്രീത് സിംഗ് ഗിൽ

വെബ് ഡെസ്ക്

Published on May 07, 2026, 03:34 PM | 1 min read

ചണ്ഡിഗഢ്: മുൻ ഇന്ത്യൻ അണ്ടർ-19 താരവും പഞ്ചാബ് മീഡിയം പേസറുമായിരുന്ന അമൻപ്രീത് സിംഗ് ഗിൽ (36) ബുധനാഴ്ച ചണ്ഡീഗഡിൽ അന്തരിച്ചു. മരണകാരണം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അണ്ടർ-19 തലത്തിൽ വിരാട് കോലിയുടെ സഹതാരമായിരുന്ന അമൻപ്രീത്, പഞ്ചാബ് ക്രിക്കറ്റിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.


2006-നും 2008-നും ഇടയിൽ പഞ്ചാബിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ച അദ്ദേഹം 11 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പ്രഥമ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്‌സ് (അന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബ്) ടീമിൽ അംഗമായിരുന്ന അദ്ദേഹം, പിന്നീട് പഞ്ചാബ് സീനിയർ സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. അമൻപ്രീതിനോടുള്ള ആദരസൂചകമായി ബുധനാഴ്ച ഹൈദരാബാദിൽ നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാണ് കളിച്ചത്.


വാർത്ത കേട്ട് താൻ "ഞെട്ടലിലും സങ്കടത്തിലുമാണെന്ന്" വിരാട് കോലി ട്വീറ്റ് ചെയ്തു. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. "അമൻപ്രീതിന്റെ വേർപാടിൽ അങ്ങേയറ്റം സങ്കടമുണ്ട്. കരിയറിന്റെ തുടക്കത്തിൽ ഞങ്ങൾ ഒരേ ഡ്രസ്സിംഗ് റൂം പങ്കിട്ടിരുന്നു. കളിയോട് അതീവ താല്പര്യമുള്ള, കഠിനാധ്വാനിയായ, ശാന്തസ്വഭാവമുള്ള ഒരു ക്രിക്കറ്റ് താരമായിരുന്നു അദ്ദേഹം," യുവരാജ് കുറിച്ചു.


പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും താരത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. "മുൻ പഞ്ചാബ് ക്രിക്കറ്റ് താരവും സെലക്ഷൻ കമ്മിറ്റി അംഗവുമായ അമൻപ്രീത് സിംഗ് ഗില്ലിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു," പി.സി.എ പ്രസ്താവനയിൽ പറഞ്ഞു.


2007 കാലഘട്ടത്തിൽ ഇന്ത്യൻ യൂത്ത് ടീമിനൊപ്പം ഇംഗ്ലണ്ട്, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ പര്യടനം നടത്തിയ അമൻപ്രീത് നിരവധി ഏകദിനങ്ങളിലും ഒരു യൂത്ത് ടെസ്റ്റിലും കളിച്ചിട്ടുണ്ട്. എന്നാൽ 2008-ൽ ലോകകപ്പ് നേടിയ വിരാട് കോലി നയിച്ച അണ്ടർ-19 ടീമിൽ ഇടം നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home