print edition ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ ; ചാമ്പ്യൻമാർ കുതിച്ചു

ബുർകിന ഫാസോയ്--ക്കെതിരെ ഐവറികോസ്റ്റിന്റെ ഗോൾ നേടിയ ബസൗമാനെ ടൂറയെ (നടുവിൽ) സഹതാരങ്ങൾ അഭിനന്ദിക്കുന്നു
റബാത്ത്
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോളിൽ ക്വാർട്ടർ ചിത്രം തെളിഞ്ഞു. ബുർകിന ഫാസോയെ മൂന്ന് ഗോളിന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ഐവറികോസ്‌റ്റ് ഏഴുവട്ടം കിരീടമുയർത്തിയ ഇൗജിപ്‌തുമായുള്ള പോരിന് കളമൊരുക്കി. അധികസമയഗോളിൽ കോംഗോയെ ഒറ്റ ഗോളിന് മറികടന്ന് അൾജീരിയയും അവസാന എട്ടിൽ ഇടം പിടിച്ചു. നാളെയാണ് ക്വാർട്ടർ തുടങ്ങുന്നത്. അൾജീരിയ–നൈജീരിയ, സെനഗൽ–മാലി, മൊറോക്കോ–കാമറൂൺ മത്സരങ്ങളുമുണ്ട്.
ബുർകിനയ്‌ക്കെതിരെ ആധികാരിക പ്രകടനമായിരുന്നു ഐവറിയുടേത്. സൂപ്പർ താരം അമാദ് ദിയാലോ, യാൻ ദിയോമാൻഡെ, ബസൗമാനെ ടൂറെ എന്നിവർ ഗോളടിച്ചു. പകരക്കാരനായെത്തിയാണ് പത്തൊമ്പതുകാരൻ ടൂറെ ടൂർണമെന്റിലെ രണ്ടാം ഗോൾ കുറിച്ചത്. 15 വർഷങ്ങൾക്കുശേഷമാണ് നിലവിലെ ചാമ്പ്യൻമാർ നേഷൻസ് കപ്പിൽ ക്വാർട്ടറിലെത്തുന്നത്. 2010ൽ ഇൗജിപ്‌താണ് അവസാനമായി ഇൗ നേട്ടം സ്വന്തമാക്കിയത്. പിന്നീട് നടന്ന ഏഴ് ടൂർണമെന്റുകളിലും നിലവിലെ ജേതാക്കൾ തുടക്കത്തിലേ മടങ്ങി.
കരുത്തുറ്റ പോരിൽ കോംഗോയ്‌ക്കെതിരെ പകരക്കാരൻ ആദിൽ ബൗൽബിനയാണ് അൾജീരിയയുടെ രക്ഷകനായത്. ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച കളിയിൽ 119–ാം മിനിറ്റിൽ ആദിൽ വിജയഗോൾ കുറിച്ചു.
ക്വാർട്ടർ മത്സരങ്ങൾ
സെനഗൽ x മാലി (നാളെ രാത്രി 9.30)
മൊറോക്കോ x കാമറൂൺ (നാളെ രാത്രി 12.30)
അൾജീരിയ x നൈജീരിയ (ശനി രാത്രി 9.30)
ഐവറികോസ്റ്റ് x ഇൗജിപ്‌ത് (ശനി രാത്രി 12.30).










0 comments