അഭിഷേക്- സൂര്യ ഷോ: അടിച്ചത് പത്ത് ഓവറിൽ 155 റൺസ്, 8 വിക്കറ്റ് വിജയം; പരമ്പര

ഗുവാഹത്തി: ന്യൂസിലൻഡിനെ അടിച്ചൊതുക്കി പരമ്പര നേട്ടം ആഘോഷിച്ച് ഇന്ത്യ. മൂന്നാം ട്വന്റി20യിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ പരമ്പരയും സ്വന്തമാക്കി. ആദ്യ കളി 48 റണ്ണിനും രണ്ടാമത്തേത് ഏഴ് വിക്കറ്റിനുമാണ് ഇന്ത്യ ജയിച്ചത്. അഭിഷേക് ശർമയും (20 പന്തിൽ 68) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (26 പന്തിൽ 57) റണ്ണൊഴുക്കിയപ്പോൾ മൂന്നാം ട്വന്റി20യിൽ വെറും പത്ത് ഓവറിലാണ് ഇന്ത്യ വിജയക്ഷ്യം മറികടന്നത്. ഇരുവരും ചേർന്ന് നൂറ് റൺസിന്റെ കൂട്ടുകൊട്ടുണ്ടാക്കി. സ്കോർ: ന്യൂസിലൻഡ് 153/9, ഇന്ത്യ 155/2 (10).
ടോസ് നേടി കിവീസിനെ ബാറ്റിങ്ങിനയച്ച ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് ഇന്ത്യ ബോളർമാർ പന്തെറിഞ്ഞത്. ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റുമായി തിളങ്ങി. രവി ബിഷ്ണോയും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റും ഹർഷിത് റാണ ഒരു വിക്കറ്റും നേടി തിളങ്ങിയപ്പോൾ കിവീസിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 48 റൺസെടുത്ത് ഗ്ലെൻ ഫിലിപ്സാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സഞ്ജു നിരാശപ്പെടുത്തി. ഇത്തവണ ഗോൾഡൻ ഡക്കായാണ് താരം മടങ്ങിയത്. കിവീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്താൻ ആദ്യമെത്തിയ സഞ്ജു പേസർ മാറ്റ് ഹെൻറിയുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു. ആദ്യ രണ്ട് കളിയിൽ 10, 6 എന്നിങ്ങനെയായിരുന്നു സ്‌കോർ.
എന്നാൽ അഭിഷേക് ശർമയും ഇഷാൻ കിഷനും ടീം സ്കോർ ഉയർത്തി. 13 പന്തിൽ 28 റൺസെടുത്ത കിഷൻ മടങ്ങി. പിന്നീട് കളത്തിലെത്തിയ സൂര്യകുമാറും അഭിഷേകും ടീമിന് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. 14 പന്തിൽ നിന്നാണ് അഭിഷേക് അർധസെഞ്ചുറി നേടിയത്.










0 comments