ഇന്ത്യ x ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്
print edition വേദി മാറി, കളി മാറുമോ; ആദ്യ ഏകദിനം ഇന്ന് റാഞ്ചിയില്‍

റാഞ്ചി: ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയിലെ തോൽവിയുടെ ക്ഷീണം മാറാത്ത ഇന്ത്യ ഏകദിന വേദിയിൽ. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ഏകദിനം ഇന്ന് റാഞ്ചിയിലാണ്. നഷ്‌ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. കഴുത്തിന് പരിക്കേറ്റ ശുഭ്‌മാൻ ഗില്ലിന്റെ അഭാവത്തിൽ കെ എൽ രാഹുലാണ് ടീമിനെ നയിക്കുന്നത്. മറുവശത്ത്, ടെസ്‌റ്റിലെ സന്പൂർണ ജയം നൽകിയ കരുത്തിലാണ് ടെംബ ബവുമയുടെ ദക്ഷിണാഫ്രിക്ക. തുടർച്ചയായ മൂന്നാം മത്സരത്തിൽ മൂന്നാം ക്യാപ്‌റ്റനാണ് ഇന്ത്യക്ക്. ആദ്യ ടെസ്‌റ്റിൽ നയിച്ച ഗിൽ പരിക്കുകാരണം മടങ്ങിയപ്പോൾ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനായിരുന്നു രണ്ടാം ടെസ്‌റ്റിലെ ചുമതല. ഏകദിന പരന്പരയെത്തിയപ്പോൾ നായക സ്ഥാനം രാഹുലിലേക്കുമെത്തി. ഏകദിന ടീം വൈസ് ക്യാപ്‌റ്റനായിരുന്ന ശ്രേയസ് അയ്യരും പരിക്കുകാരണം പുറത്താണ്.
ഏഷ്യാ കപ്പും ചാന്പ്യൻസ് ട്രോ-ഫിയും സ്വന്തമാക്കിയ ഇന്ത്യക്ക് ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയേക്കാൾ മേൽക്കൈയുണ്ട്. ഗില്ലും ശ്രേയസും പരിക്കുകാരണം പുറത്താണെങ്കിലും മികച്ച നിരയാണ് ഇപ്പോഴും. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും സാന്നിധ്യമാണ് അതിനുകാരണം. ടെസ്‌റ്റിലും ട്വന്റി20യിലും കളി നിർത്തിയ ഇരുവരും രാജ്യാന്തര ക്രിക്കറ്റിൽ ഏകദിന വേദിയിൽ മാത്രമേ ഇപ്പോൾ ഇറങ്ങുന്നുള്ളൂ.
ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരന്പരയിലാണ് അവസാനമായി കളിച്ചത്. രോഹിത് മിന്നിയപ്പോൾ കോഹ്‌ലി ആദ്യ രണ്ട് കളിയിലും പൂജ്യത്തിനാണ് പുറത്തായത്. രോഹിത് മൂന്ന് കളിയിൽ ഒരു സെഞ്ചുറിയും അർധസെഞ്ചുറിയും സ്വന്തമാക്കി. കോഹ്‌ലി അവസാന കളിയിൽ 74 റണ്ണടിച്ചു. 2027ലെ ഏകദിന ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇരുവർക്കും.
ഇൗ പരന്പരയ്‌ക്കുശേഷം ബിസിസിഐ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. അടുത്ത ലോകകപ്പ് ദക്ഷിണാഫ്രിക്കയിലും നമീബിയയിലും സിംബാബ്‌വെയിലുമായാണ് നടക്കുന്നത്. ഗില്ലിന്റെ അഭാവത്തിൽ യുവതാരം യശസ്വി ജയ്‌സ്വാൾ ഓപ്പണറാകും. വിക്കറ്റ് കീപ്പറായി രാഹുലുള്ളപ്പോൾ പന്ത് ഇറങ്ങുന്ന കാര്യത്തിൽ സംശയമാണ്. പന്ത് കളിച്ചില്ലെങ്കിൽ ഋതുരാജ് ഗെയ്‌ക്ക്‌വാദിന് നറുക്കുവീഴും. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും കളിക്കാനാണ് സാധ്യത. മൂന്ന് പേസർമാർ ഇറങ്ങിയേക്കും.
മറുവശത്ത് പേസർ കഗീസോ റബാദ ദക്ഷിണാഫ്രിക്കയ്‌ക്കായി ഇറങ്ങില്ല. പരിക്കുകാരണം റബാദയ്‌ക്ക് ടെസ്‌റ്റ് പരന്പരയും നഷ്ടമായിരുന്നു. ഡെവാൾഡ് ബ്രെവിസ്, മാത്യു ബ്രീറ്റ്‌സ്‌കെ എന്നിവർ കളിക്കും. റാഞ്ചിയിൽ ബാറ്റിങ്ങിന് അനുകൂലമാണ് പിച്ച്. മഞ്ഞുവീഴ്‌ചയ്‌ക്ക് സാധ്യതയുള്ളതിനാൽ ടോസ് നിർണായകമാകും.മൂന്ന് മത്സരമാണ് പരന്പരയിൽ.
ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്‌ക്ക്‌വാദ്/ ഋഷഭ് പന്ത്, കെ എൽ രാഹുൽ, വാഷിങ്‌ടൺ സുന്ദർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ.
ദക്ഷിണാഫ്രിക്ക: എയ്‌ദെൻ മാർക്രം, ക്വിന്റൺ ഡി കോക്ക്, ടെംബ ബവുമ, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, റൂബിൻ ഹെർമാൻ, മാർകോ യാൻസെൺ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നന്ദ്രേ ബർഗെർ, ലുൻഗി എൻഗിഡി.









0 comments