കളി പിടിച്ച് കിവീസ്: ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ആറ് വിക്കറ്റ് നഷ്ടം

ക്രൈസ്‌റ്റ്‌ചർച്ച്: ഇന്ത്യയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ കളി പിടിച്ച് ന്യൂസിലൻഡ്. ആദ്യ ഇന്നിങ്സിൽ 356 റൺ എടുത്ത കിവീസ്, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആറ് വിക്കറ്റാണ് വീഴ്ത്തിയത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 116/6 എന്ന നിലയിലാണ് ഇന്ത്യ. കിവീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്ക് ഇന്ത്യയ്ക്ക് 240 റൺസ് കൂടി വേണം.
ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിന്റെ തുടക്കം തന്നെ ഇന്ത്യയ്ക്ക് പാളി. സ്കോർ ബോർഡ് ചലിക്കും മുമ്പ് ഓപ്പണർ യശസ്വി ജയ്‌സ്വാൾ (6 പന്തിൽ 0) മടങ്ങി. പിന്നാലെ ദേവ്ദത്ത് പടിക്കലും (20 പന്തിൽ 21), ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (29 പന്തിൽ 17) കൂടാരം കയറി. ഇതോടെ 59/3 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. പ്രതിരോധിച്ച് കളിക്കാൻ ശ്രമിച്ച കെ എൽ രാഹുലും (80 പന്തിൽ 25) ഋഷഭ് പന്തും (39 പന്തിൽ 23) വീണതോടെ ഇന്ത്യ പ്രതിസന്ധിയിലായി. പിന്നീട് പിടിച്ച് നിൽക്കാൻ ശ്രമിച്ച വാഷിങ്‌ടൺ സുന്ദർ (60 പന്തിൽ 10) രണ്ടാം ദിനത്തിലെ അവസാന പന്തിൽ വീണു. 45 പന്തിൽ ഏഴ് റണ്ണുമായി ധ്രുവ് ജുറേൽ ക്രീസിലുണ്ട്. കിവീസിനായി കൈൽ ജാമിസണും ജേക്കബ് ഡഫിയും രണ്ട് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെൻറിയും നതാൻ സ്‌മിത്തും ഒരോ വിക്കറ്റും നേടി.
രണ്ടാം ദിനം അഞ്ചിന് 246 റൺ എന്ന നിലയിൽ കളി തുടങ്ങിയ കിവീസിന് 110 റൺസ് കൂട്ടിചേർക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി ആകാശ് ദീപ് അഞ്ച് വിക്കറ്റ് നേടി. ടോം ബ്ലൻഡിന് മികച്ച പിന്തുണ നൽകിയ ഗ്ലെൻ ഫിലിപ്‌സിനെ അൻഷുൽ കാംബോജ് തുടക്കത്തിലെ മടക്കുകയായിരുന്നു. പിന്നാലെ നതാൻ സ്‌മിത്തും കൈൽ ജാമിസണും ആകാശ് ദീപിന് മുന്നിൽ കുരുങ്ങി. എന്നാൽ ഒരറ്റത്ത് നിന്നും ടോം ബ്ലൻഡ് ശ്രദ്ധയോടെ ബാറ്റിങ് തുടരുകയായിരുന്നു. ഗുർണൂർ ബ്രാറിന് മുന്നിൽ ടോം ബ്ലൻഡ് വീണതോടെ കിവീസിൻറെ പ്രതിരോധം അവസാനിച്ചു. മാറ്റ് ഹെൻഡിയെ വിക്കറ്റിന് മുന്നിൽ കുരുക്കി ആകാശ് ദീപ് കിവീസിന്റെ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്കായി അൻഷുൽ കാംബോജും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് നേടി. വാഷിങ്‌ടൺ സുന്ദർ ഒരുവിക്കറ്റും നേടി. 26 ഓവർ എറിഞ്ഞ ബുമ്രയ്‌ക്ക് വിക്കറ്റൊന്നും കിട്ടിയില്ല.









0 comments