Deshabhimani

കഥ

ഇന്ദ്രിയ-ജാലം

പടം
avatar
വി ദിലീപ്

Published on Nov 28, 2026, 11:56 AM | 6 min read

ഒരു ജയിൽമുറിക്കുള്ളിലെ വർഷങ്ങൾ നീണ്ട ഒറ്റപ്പെട്ട ജീവിതം. തോർത്ത് മുഷിയുംപോലെ മനസ്സു മുഷിഞ്ഞു; കീറി. നാളെ ഇവിടെനിന്നിറങ്ങുന്ന ദിവസമാണ്. കിഷോർലാലിന് ഒട്ടും സന്തോഷം തോന്നിയില്ല. എന്തിന് തോന്നണം? തന്നെ കാത്തിരിക്കാൻ കുടുംബമോ സുഹൃത്തുക്കളോ ഇല്ല. ​ആർക്കും ആവശ്യം വരാത്ത വെറും ഒരാൾ. അതാണ് ഇനിയങ്ങോട്ടു താൻ. എന്താണ് ഇങ്ങനെയൊരു മനുഷ്യനായിപ്പോയത്? ​ആലോചിച്ചപ്പോൾ ഏകദേശ ഉത്തരം കിട്ടി. ചുറ്റുമുള്ള മനുഷ്യരെക്കുറിച്ച് ചിന്തിക്കാതെയായിരുന്നു ഇതുവരെയും. തുടക്കംമുതൽ ഒരിടത്തുനിന്നും സ്‌നേഹം കിട്ടിയില്ല. ഒരു ---സുഹൃത്തുപോലും ഉണ്ടായില്ല. അങ്ങനെ ഒന്നാംതരം തെണ്ടിയായി വളർന്നു. നിയമപ്രകാരം ഒരു തെണ്ടി ഇവിടെ എന്തൊക്കെ അലമ്പുകൾ ചെയ്യണമോ എല്ലാം കൃത്യമായി ചെയ്‌തുവെച്ചു. ​ഇനിയങ്ങോട്ട് ഇതേപോലെ ജീവിക്കാനാവില്ല. രാജ്യത്ത് ജനാധിപത്യത്തിന് പവർ കണ്ടുതുടങ്ങി. പൊലീസ് പൊങ്ങിത്തുടങ്ങി. വർഗീയശക്തികളാകെയും പൊടിക്ക് അടങ്ങി. തനിക്കും ശരിയായ മാറ്റം വേണം. അതിനാദ്യം ഒരു സുഹൃത്തിനെയെങ്കിലും ഉണ്ടാക്കണം. ​എങ്ങനെ പറ്റും? ​കിഷോർലാൽ ചൂണ്ടുവിരൽകൊണ്ട് തറയിലെ സിമന്റ്‌ മെല്ലെ അടർത്തി. ചെറുതായി വേദനിച്ചുകൊണ്ട് വിരൽ ഉരച്ചു. ​ഈ പ്രായത്തിൽ, ഈ അവസ്ഥയിലുള്ള തന്നെ ആരെങ്കിലും സുഹൃത്താക്കുമോ? ​അത്രയും നാണംകെട്ട ഒരുത്തനായി മാറിക്കഴിഞ്ഞില്ലേ താൻ? ​അവസ്ഥ! ​കിഷോറിന് വീണ്ടും കലിപ്പ് കയറി. ​

 ചിത്രീകരണം: കെ പി മുരളീധരൻ ചിത്രീകരണം: കെ പി മുരളീധരൻ

ഏതു പേപിടിച്ച തലച്ചോറാണ് തന്നെക്കൊണ്ട് ഓരോന്ന് ചെയ്‌തുവയ്‌പ്പിച്ചത്? അച്ഛനമ്മമാരുടെ മരണശേഷം പരമ്പരാഗത സ്വത്ത് ധാരാളമായി ചെലവഴിച്ച് വലിയൊരു വീട്ടിൽ മര്യാദയ്‌ക്ക്‌ ജീവിച്ചുപോവുകയായിരുന്നല്ലോ. വിവാഹപ്രായം എത്തിയ അവസ്ഥയും. അപ്പോഴാണ് ഒരാവശ്യവുമില്ലാതെ അയൽക്കാരി പ്രീമയെ ബലാത്സംഗം ചെയ്യണമെന്നു തോന്നിയത്. മറ്റൊന്നുമാലോചിച്ചില്ല. ചെയ്‌തു. നാണംകെട്ടു. ചാനലിൽ ഫോട്ടോ വന്നു. പേരും അഡ്രസ്സും വൃത്തിയിൽ എഴുതിക്കാണിച്ചു. ​പ്രീമയുടെ ഭർത്താവ് മാർട്ടിനുമായും അവരുടെ വീടുമായും നല്ലൊരു ബന്ധമുണ്ടായിരുന്നതാണ്. അതു പോയിക്കിട്ടി. ​ആരാണ് തനിക്കീ വൃത്തികെട്ട വിധി വരുത്തിവച്ചത്? അയാളെ കുത്തിക്കൊലപ്പെടുത്തണം. കുറച്ചുനേരം തലയിൽ കൈവച്ചിരുന്ന ​കിഷോറിന് പെട്ടെന്ന് സ്വന്തം ലിംഗത്തെ ഓർമ വന്നു. അതിനോട് ​അടക്കാനാകാത്ത പക തോന്നി. ​“നീചാ, നീ ഒറ്റ ഒരാളാണ് ഇതിനു കാരണം. എപ്പോഴും സന്തോഷിക്കണമെന്ന നിന്റെ അമിതമോഹം. നന്ദികെട്ടവനേ, നീ കാരണം ഈ ഞാൻ കുഴിയിലായി. നിന്നോട് ഞാൻ എന്തു തെറ്റ് ചെയ്‌തു? എന്തിനാണെന്നെ ഇങ്ങനെ ദ്രോഹിച്ചത്?’’ കിഷോർ ലിംഗത്തെ നോക്കി, പല്ലുകൾ ഞെരിച്ചു. ​“ അങ്ങനെ പറയരുത്… ഒന്നും നിയന്ത്രിച്ചിരുന്നത് ഞാനായിരുന്നില്ല...’’ ​അത് തന്നോടു പറയുന്നതായി കിഷോറിന് തോന്നി. ​അടുത്ത നിമിഷം തന്റെ ചപലതയോർത്ത് ലജ്ജിച്ചു. എന്താണിപ്പോൾ സംഭവിച്ചത്? അതിനെ ചീത്ത വിളിച്ചിട്ട് എന്തു നേടി? സത്യമല്ലേ അതു ചോദിച്ചത്? താനായിരുന്നില്ലേ അതിനെ നിയന്ത്രിക്കേണ്ടിയിരുന്നത്? ​കിഷോർ സ്വയം ആശ്വസിപ്പിച്ചു; ​“ഇനി വെറുതേ ഉള്ള് ന‍ീറ്റണ്ട. വരാനിരിക്കുന്ന ജീവിതം എല്ലാവരോടും സൗഹൃദത്തോടെ പെരുമാറാനുള്ളതാണെന്ന് ഉറപ്പിക്കുക.” ​ആ കാഴ്‌ചപ്പാടിന്റെ ആവേശത്തിൽ കിഷോർ ഉണർന്നു. പെട്ടെന്ന് തന്റെ ലിംഗത്തിന് സൗഹൃദപൂർവം ഒരു പേരുമിട്ടു: ‘സുശീൽകുമാർ.’ ‘‘ഓയ് സുശീൽ, തൊട്ടുമുമ്പ് നിന്നെ ചീത്തവിളിച്ചത് മനഃപ്രയാസംകൊണ്ടാണ്. ഇനിമുതൽ അങ്ങനെയുണ്ടാവില്ല. എല്ലാം മറക്കൂ. നാളെ ഞാൻ ഇവിടെനിന്നിറങ്ങും. ഇനി നമ്മൾ തമ്മിൽ നല്ല സൗഹൃദമുണ്ടായിരിക്കും. നിന്നെ നിയന്ത്രിക്കാൻ എല്ലാ കഴിവുമുപയോഗിച്ച് ഞാൻ ശ്രമിക്കും. പരാജയപ്പെടുകയാണെങ്കിൽ ഏതെങ്കിലും വിധത്തിൽ പിന്തിരിപ്പിക്കണം. പരസ്‌പരം സഹകരിച്ച് മുന്നോട്ടുപോകാം.'’ ​കിഷോർ ആശ്വാസത്തോടെ ഉറങ്ങാനായി കണ്ണുകൾ പൂട്ടിക്കെട്ടി; നിക്കറും. സുശീൽകുമാറും പിറകെ ഉറങ്ങി. ​അന്ന് ഒരു സ്വപ്‌നം കണ്ടു. ജയിലിൽനിന്നിറങ്ങിയതിനുശേഷം ഒരു യുവതിയെ കണ്ടുമുട്ടി വിവാഹം കഴിക്കുന്നു; ആദ്യരാത്രിയിൽ അവളെ സ്‌പർശിക്കുന്നു. പ്രായപൂർത്തിയായതുമുതൽ കാണുന്ന ഒരു സാധാരണ സ്വപ്‌നം. ​സ്വപ്‌നത്തിൽ എടുത്തുപറയാൻവേണ്ടി ഒന്നും സംഭവിച്ചുമില്ല. കിഷോർ ഉറക്കം മടുത്ത് സെല്ലിൽ ഉണർന്നിരുന്നു. ആനേരം സുശീൽകുമാറും എഴുന്നേറ്റിരുന്നു. ​“ഏയ് കിഷോർ, എന്തിനാണ് എപ്പോഴും എന്തെങ്കിലുമൊക്കെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നത്?അതില്ലാതെയും സന്തോഷിക്കാമല്ലോ?” ​സുശീൽ ചോദിച്ചു. ​‘‘ഓയ് സുശീൽ, ഈ രീതിയിൽ ചിന്തിക്കാൻ നിനക്ക് കഴിയുന്നു അല്ലേ?’’ ​‘‘അതെ. അപ്പോൾ എന്തൊരു ശാന്തതയാണ് ജീവിതത്തിന്!’’ ​സുശീലിന്റെ മറുപടി കേട്ടപ്പോൾ അവൻ തികച്ചും പക്വതയോടെ കാര്യങ്ങളെ കാണാൻ ഒരുങ്ങിക്കഴിഞ്ഞുവെന്ന് കിഷോറിന് ബോധ്യമായി.

 ചിത്രീകരണം: കെ പി മുരളീധരൻ ചിത്രീകരണം: കെ പി മുരളീധരൻ

താനറിയുന്ന സുശീൽ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. നല്ലത്. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാൻ കഴിയുന്ന ഉത്തമനായ സുഹൃത്തായി മാറട്ടെ. ​കിഷോറും സുശീൽ കുമാറും തമ്മിലുള്ള ബന്ധം തീവ്രമായി. ​ജയിൽമോചിതനായ ശേഷം വീട്ടിൽ ഒറ്റയ്‌ക്ക്‌ താമസമാരംഭിച്ചപ്പോഴെല്ലാം തന്റെ കുമ്പസാരങ്ങളുമായി കിഷോർ സുശീലിനെ സമീപിച്ചു. ഇതിനു മറ്റൊരു കാരണവുമുണ്ട്. മോശപ്പെട്ട ഒരു പ്രവൃത്തി ചെയ്‌ത്‌ ജയിലിൽ പോയ കിഷോർലാലിനോട് സംസാരിക്കാൻ നാട്ടുകാരിൽ ഒരാൾപോലും ആഗ്രഹിച്ചില്ല. എത്രകാലം ഒരാൾക്ക് ആരോടും മിണ്ടാതെ പിടിച്ചു നിൽക്കാനാകും? ​കിഷോർ സംസാരിച്ചപ്പോഴൊക്കെ അക്ഷമ കാണിക്കാതെ സുശീൽ ശാന്തതയോടെ കേട്ടിരുന്നു. കേൾക്കാനൊരാൾ ഉണ്ടാവുകയെന്നാൽ ‘പേടിക്കേണ്ട, ഞാൻ നിന്നെ മനസ്സിലാക്കുന്നു എന്നല്ലേ?’ അരുമയോടെ സുശീലിനെ തൊട്ടുകൊണ്ട് കിഷോർ ഓർത്തു. ​“അനാവശ്യമായ ചിന്തകൾകൊണ്ട് ഒരു കാര്യവുമില്ല. എപ്പോഴും കൂളായിരിക്കണം നമ്മൾ.’’ ​കിഷോർ – സുശീൽ സംസാരത്തിന്റെ അവസാനം എപ്പോഴും ഈ ആശയത്തിൽ മുറുക്കെപ്പിടിച്ചുകൊണ്ടായി. ​ജീവിച്ചുപോകാൻ കുടുംബസ്വത്ത് ധാരാളം. എങ്കിലും ജീവിച്ചു എന്ന തോന്നലുണ്ടാകാൻ ഇതുപോരല്ലോ. അതിനാൽ പകൽനേരങ്ങളിൽ കിഷോർ കൈക്കോട്ടെടുത്ത് പറമ്പിൽ വെറുതെ കിളച്ചു. ആദ്യമൊക്കെ അയൽവക്കത്ത് പ്രീമയെ കണ്ടാൽ ഇളിഭ്യനായിപ്പോയിരുന്ന കിഷോറിന് പിന്നെയതൊന്നും പ്രശ്നമല്ലാതായി. എന്തിനോടും പക്വത നിറഞ്ഞ ഒരു ഭാവം. ​ഒരിക്കൽ നഗരത്തിൽവെച്ച് അപരിചിതയായ യുവതി കൈയ്യിൽ പിടിച്ചപ്പോൾ ഞെട്ടി. സുശീൽകുമാറും ഒന്നു പിടഞ്ഞു. ​“ആരാണ്?’’ ​കിഷോറും സുശീലും ഒന്നിച്ചു ചോദിച്ചു. ​‘‘ഞാൻ ഒരു ലൈംഗികത്തൊഴിലാളിയാണ്. തൊഴിൽ അന്വേഷണത്തിലാണ്...’’ ​‘‘ക്ഷമിക്കൂ. എനിക്ക് സഹായിക്കാനാകില്ല.’’ ​കിഷോർ പറഞ്ഞു. യുവതി നടന്നുപോയി. ​“സൂപ്പർ… കിഷോർ...’’ ​സുശീൽ ഹൃദയം പകർന്ന് അഭിനന്ദിച്ചു. ​ഈ സംഭവത്തോടെ കിഷോർ തിരിച്ചറിഞ്ഞു; ശ്രമിച്ചാൽ ഇന്ദ്രിയങ്ങളെ ജയിക്കാം. ​പുതിയ ജീവിതശൈലി ഉണ്ടാക്കിയെടുക്കാൻ അവൻ തീരുമാനിച്ചു. ​കാലത്തെഴുന്നേറ്റ് കുളിച്ച് ഗായത്രിമന്ത്രം ജപിച്ചുതുടങ്ങി. യോഗ ചെയ്യുന്നത് ശീലമാക്കി. ആസനമുറകൾ കഴിഞ്ഞ് നീണ്ട ധ്യാനത്തിലേർപ്പെട്ടു. സുശീൽകുമാറും രാവും പകലും ശവാസനത്തിൽ തുടർന്നു. മാംസഭുക്കായിരുന്ന കിഷോർ മൃഗങ്ങളുടെ ക്രൗര്യചിന്തകൾ മനസ്സിൽ കടന്നുവരരുതെന്ന ഉദ്ദേശ്യത്തോടെ പച്ചക്കറിയിലേക്കു മാറി. അതും ഗുണംചെയ്‌തു. ​ഒരിക്കൽ പ്രഭാതസവാരി നടത്തുകയായിരുന്ന കിഷോറിന് എതിരെ ഇരുകൈകളും വീശി ഒരാൾ നടന്നുവന്നു. അയാൾ അവന്റെ മുമ്പിൽ നിന്നിട്ട് മുഖത്തു സൂക്ഷിച്ചുനോക്കി. ​കോടതിയിൽ കിഷോറിന്റെ വക്കീൽ ഉയർത്തിയ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞ് ജയിൽശിക്ഷ വിധിച്ച ജില്ലാ മജിസ്ട്രേറ്റ് സഹസ്രഫണൻ ആയിരുന്നു അത്. “സാരമില്ല. പിണക്കമില്ല.’’ ​ഇത്രയും പറഞ്ഞ് കിഷോർലാൽ കടന്നുപോയി. അതു നോക്കി സഹസ്രഫണൻ അമ്പരന്നുനിന്നു. ​ആ രാത്രി ജസ്റ്റിസ് സഹസ്രഫണൻ ചിന്തകളിൽ അസ്വസ്ഥനായി. ഷവറിനു താഴെ പരിപൂർണനായി നിൽക്കുമ്പോഴും കഞ്ഞികുടിക്കുമ്പോഴുമെല്ലാം സഹസ്രഫണന് ചിന്തകളുടെ കൊത്ത് കിട്ടി. ആദ്യമായാണ് താൻ ശിക്ഷിച്ച പ്രതികളിൽനിന്നും ഇങ്ങനെയൊരു ശാന്തമായ പെരുമാറ്റം.

 ചിത്രീകരണം: കെ പി മുരളീധരൻ ചിത്രീകരണം: കെ പി മുരളീധരൻ

സാധാരണ എല്ലാവരും തന്നെ പുറത്തുവെച്ചു കണ്ടാൽ അക്രമാസക്തരാകാറാണ് പതിവ്. ​ഭാര്യയുടെ മരണത്തിനുശേഷം വലിയ വീട്ടിൽ ഏകാന്തജീവിതം നയിച്ചുവരികയാണ് സഹസ്രഫണൻ. പുറംലോകവുമായി ബന്ധങ്ങളില്ല. ആകെയുള്ള സുഹൃത്ത് ‘അപ്പു’ മാത്രം. ​വലതുകൈയ്യിലെ ചൂണ്ടുവിരലിന് നൽകിയ പേരാണ് അപ്പു. ​ഈ പ്രപഞ്ചത്തിൽ ആരുമായും ബന്ധമില്ലാതെ, എന്നാൽ മറ്റുള്ളവന്റെ ജീവിതങ്ങളെ കണ്മുമ്പിലെത്തിയ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ ചൂണ്ടി, ഇരുട്ടുമുറികളിലേക്കയച്ച തന്റെ ചൂണ്ടുവിരൽ. അതാണ് തന്നെ ജനങ്ങളിൽനിന്നകറ്റിയത്. ഒരിക്കൽ ജനങ്ങളിൽനിന്നകന്ന മജിസ്ട്രേറ്റ് പിന്നെയെന്ത്, എവിടെ, ചൂണ്ടിപ്പറഞ്ഞിട്ടെന്തുകാര്യമെന്ന സ്വകാര്യചിന്ത മറച്ചുവെച്ച് സഹസ്രഫണൻ അപ്പുവുമായി പലപ്പോഴും സംവാദങ്ങളിലേർപ്പെട്ടു. ‘‘അപ്പൂ.., രാജ്യത്ത് ജനാധിപത്യം മുമ്പില്ലാത്തവിധം ശക്തിപ്പെടുന്നത് നമ്മൾ തിരിച്ചറിഞ്ഞേ തീരൂ...’’ ​ഒരു രാത്രിയിൽ അപ്പുവിനെ ഈ വിധം ഗുണദോഷിച്ചു. ​“ആങ്ഹാ? പുതിയ അറിവു പഠിപ്പിക്കുവാണോ? ഇത്രയൊക്കെയറിഞ്ഞിട്ടും എന്തുചെയ്‌തു, താൻ സഹസ്രഫണാ? സ്വയമന്വേഷിച്ച് ഏത് സത്യം ഇന്നേവരെ താൻ കണ്ടെത്തി? ഓരോ വക്കീലുമാർ കാശ് വാങ്ങി, കള്ളസാക്ഷികളെ ജനിപ്പിച്ച് നുണയെ സത്യമാക്കി തന്റെ മുന്നിൽ നിർത്തിയപ്പോൾ കഥയറിയാതെ താൻ വിധി പറഞ്ഞു. നീതിപീഠത്തിലിരുന്ന് പ്രകാശം പരത്താൻ എന്നാണ് തനിക്കൊക്കെ ഒരവസരം കിട്ടുക?” ​‘‘ശരിയാണ് അപ്പൂ… പക്ഷേ... എനിക്ക് പരിമിതികളുണ്ടായിരുന്നു...’’ ‘‘അതു താൻ പറയരുത്. തന്നെ പോലുള്ളവർ തന്നെയാണ് ആ വാക്ക് ഇന്നാട്ടിലെ ജനങ്ങളുടെ നെറ്റിയിൽ അടിച്ചു കൊടുത്തത്. തൊട്ടതിനും പിടിച്ചതിനും പരിമിതികളുള്ള നിയമവകുപ്പുകൾ പുറത്തെടുത്ത് താനവരെ പേടിപ്പിച്ചു. ഭരണഘടനയിലെ ആർട്ടിക്കിളുകൾ റോബോട്ടിനേപ്പോലെ കാണാപ്പാഠം പഠിച്ച താൻ ഒരിക്കലും മനുഷ്യരെ പഠിച്ചില്ല. എന്നിട്ടിപ്പോൾ മോങ്ങുന്നു..!’’ ​അപ്പു കലികൊണ്ട് വിറച്ചു. ​സഹസ്രഫണൻ ചൂളി. മൂക്ക് ചൊറിയാൻപോലും അന്ന് ചൂണ്ടുവിരൽ എടുത്തില്ല. ​സംവാദത്തിന് നിന്നാൽ ഉള്ള വിലയും പോകുമെന്നറിഞ്ഞ് ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ടു. ​കിഷോർലാൽ പക്ഷേ സന്തോഷവാനായിരുന്നു. സഹസ്രഫണനെ വഴിയിൽ കണ്ട അന്നത്തെ ദിവസം അവന് ആത്മവിശ്വാസം ഏറി. ആ രാത്രിയിൽ ​ചെറുങ്ങനെ മഴ പെയ്‌തു. ആവേശത്തോടെ കിഷോർ വിളിച്ചു: ​‘‘ഓയ് സുശീൽ, എന്റെ കാര്യത്തിൽ എല്ലാം ശാന്തമായിക്കഴിഞ്ഞു. ആരോടുമിനി പിണങ്ങാനാവില്ല. ജീവിതത്തോട് ഇതാ ഇപ്പോൾമുതൽ ഒരിഷ്ടം...’’ ​‘‘ഏയ് കിഷോർ, ഇതു വളരെ നല്ല കാര്യം. ഇനിമുതൽ നിങ്ങളുടെ ജീവിതത്തിൽ സംഗീതം നിറയുന്നത് അനുഭവിച്ചറിയൂ...’’ ​സുശീലിന്റെ ആശംസ നൽകിയ മൂഡിൽ ഒന്നു ഡ്രൈവ് ചെയ്‌തു വരുന്നത് നന്നായിരിക്കുമെന്ന് കിഷോറിനു തോന്നി. ​കാറിൽ കയറി, ഒരു ഗസൽ താഴ്‌ന്ന ശബ്ദത്തിൽ വെച്ച് നെടുമ്പാതയോരത്തിലൂടെ കിഷോർ മെല്ലെ ഡ്രൈവ് ചെയ്‌തു. വനമേഖലയിലേക്ക് കാർ പ്രവേശിച്ചതോടെ മഴ ശക്തമായി. പക്ഷേ ഡ്രൈവിങ് തുടർന്നു. ​അപ്പോൾ റോഡിന്റെ വശത്തായി ഒരാൾ. ​തന്റെ കാർ വരുന്നതുകണ്ട് പ്രതീക്ഷയോടെ കൈകൾ ആഞ്ഞുവീശുന്നു. ​അതൊരു യുവതി. കൈയ്യിൽ ബാഗ്. ​കിഷോർ കാർ നിർത്തി. ​“ആരാണ്? എന്തുവേണം? എന്തിനാണ് എന്റെ കാറിനു കൈ കാണിച്ചത്?” ​‘‘ഞാൻ ഇന്ദ്രിമ. ഹോസ്റ്റലിൽനിന്നും വീട്ടിലേക്കു പോകുന്ന വഴിയാണ്. ഹൈവേയിൽ ബ്ലോക്കിൽ പെട്ടു. പിന്നെ ബസ്സിൽ ഇവിടെ ഇറങ്ങിയപ്പോഴാണ് മഴ വന്നത്. പിറകെ സാറും വരുന്നതുകണ്ടു. ആകെ മൊത്തം ലേറ്റായി. സാറിന് ബുദ്ധിമുട്ടാകില്ലെങ്കിൽ എന്നെ അടുത്ത സ്റ്റോപ്പിൽ ഇറക്കാമോ?’’ ​യുവതി ആകെ നനഞ്ഞുകുളിച്ചിരുന്നു. ഈയവസ്ഥയിൽ കൂടുതൽ കാര്യങ്ങൾ തിരക്കുന്നത് ശരിയല്ലെന്നറിഞ്ഞ് കിഷോർ ഡോർ തുറന്നു. യുവതി നന്ദിയോടെ കാറിൽ കയറി. ​മഴ ശക്തമായതിനൊപ്പം ഇടിമിന്നലുമുണ്ടായി. ​ഇന്ദ്രിമയുടെ മുഖത്തെ ഭയം കിഷോർ ശ്രദ്ധിച്ചു. ഇനി ഏതു സ്റ്റോപ്പിൽനിന്നാണ് ഇന്ദ്രിമയ്‌ക്ക്‌ ബസ്സ് കിട്ടുക? ​മഴകാരണം പുറത്തെ കാഴ്‌ചകൾ മങ്ങുന്നു. പരിചയമില്ലാത്ത ഏതോ സ്ഥലത്തുകൂടിയാണോ തങ്ങളിപ്പോൾ യാത്ര ചെയ്യുന്നത്? ​പിന്നെയും ഇടിമിന്നൽ. ​കിഷോർ കാർ ഒരു സൈഡിൽ ഒതുക്കി. ​അപരിചിതയായ ഒരു യുവതിക്കൊപ്പം ഇങ്ങനെയൊരവസ്ഥയിൽ താൻ.

 ചിത്രീകരണം: കെ പി മുരളീധരൻ

എന്തൊക്കെയാണ് മനുഷ്യരുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്! ​വിചിത്രമായ ഏതൊക്കെ വഴികളിലൂടെ അറിഞ്ഞും അറിയാതെയും യാത്ര ചെയ്യാൻ വിധിക്കപ്പെട്ടവനാണ് ഓരോ മനുഷ്യനും. ചിലരതിൽ പകച്ചുപോകും. ചിലർ നേരിടും. രണ്ടായാലും നെടുമ്പാതയോരങ്ങൾ വരൂ.. എന്നു വിളിച്ച് മുന്നിൽ നീണ്ടുനിവർന്നു കിടക്കും. ​ഇക്കാര്യമൊക്കെ ആരോടാണ് താൻ പങ്കു വയ്‌ക്കുക? ​“ഓയ്, സുശീൽ...’’ ​കിഷോർ വിളിച്ചു. ​“ഏയ് കിഷോർ...’’ ​സുശീൽ വിളികേട്ടു. ​സത്യത്തിൽ കുറച്ചു മുന്നെ സംസാരിച്ചതിനുശേഷം ഇപ്പോൾ സുശീലിനെ വിളിക്കേണ്ട കാര്യമില്ല. എങ്കിലും സ്വയം മനസ്സിലാക്കുന്ന ഒരു സുഹൃത്തിനെ ജീവിതത്തിലെ ചില നിമിഷങ്ങളിൽ ആർക്കും വിളിക്കാമല്ലോ. ‘‘എന്തിനാണ് കാർ നിർത്തിയത്?’’ ​ഇന്ദ്രിമ ചോദിച്ചു. ​“ഓ.. ഒന്നുമില്ല.. മഴയൊന്നു കുറയട്ടെയെന്നു കരുതി...’’ ​മുന്നിലും പിന്നിലും വശങ്ങളിലും ജലപ്പെയ്‌ത്തറിഞ്ഞ് കാർ അവിടെ കിടന്നു. ആകാശത്തുനിന്നും വെള്ളിനിറമുള്ള പാമ്പുകൾ പുളഞ്ഞുവീണുകൊണ്ടിരുന്നു. ഇന്ദ്രിമ ചോദിച്ചു: ​‘‘സാറിന്റെ വീട് എവിടെയാണ്...?’’ ​കിഷോർ ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞു. ​‘‘സാറിന്റെ പേര്?’’ കിഷോർ ഇന്ദ്രിമയെ ഒരു നിമിഷം തുറിച്ചുനോക്കി. തന്റെ പേര് എന്താണ്? ഓർമ കിട്ടുന്നില്ല. എന്തു ജാലമാണിത്? ഇത്രകാലവും അറിയപ്പെട്ടത് ഏതു പേരിലായിരുന്നു? താൻ തലപുകയ്‌ക്കുന്നത് ഇന്ദ്രിമ ശ്രദ്ധിക്കുന്നത് അവനറിഞ്ഞു. പെട്ടെന്ന് കിഷോറിന്റെ നാവറ്റത്ത് പേരെത്തി: ​‘‘സുശീൽകുമാർ.” ​റോഡിന് ഇരുവശത്തുനിന്നും ചെങ്കുത്തായ മലയിടിഞ്ഞു തുടങ്ങി. അധികം വൈകാതെ നെടുമ്പാതയ്‌ക്കു വിലങ്ങനെ, മനുഷ്യരുടെ ഇനിയങ്ങോട്ടുള്ള യാത്രകൾ തടഞ്ഞ് ഒരു മൺപർവതം ഉയർന്നുവന്നു .



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home