ഇസ്രയേലിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു, സഖ്യസര്‍ക്കാരിനുള്ള നീക്കം ഊര്‍ജിതമാക്കി നെതന്യാഹു

ജെറുസലേം:ഒരു സഖ്യത്തിനും ഭൂരിപക്ഷം തികയ്ക്കാനുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം തുടരുന്നതിനിടെ ഇസ്രയേലിൽ പുതിയ കരുനീക്കങ്ങളുമായി നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യാഷര്‍ പാര്‍ടി നേതാവ് ഗാദി ഐസൻകോട്ടുമായി റൊട്ടേഷൻ വ്യവസ്ഥയ്ക്ക് സന്നദ്ധത അറിയിച്ചതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. ഐക്യ സര്‍ക്കാര്‍ രൂപീകരിക്കയും ആദ്യ പകുതിയിൽ ഐസൻകോട്ട് പദവിയിൽ എത്തുകയും ചെയ്യുക എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്.
എന്നാൽ ഇക്കാര്യത്തിൽ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ടിക്ക് അകത്തും പ്രധാനമന്ത്രിയുടെ ഓഫീസിനും കടുത്ത വിയോജിപ്പുകള്‍ ഉള്ളതായും പറയുന്നു. അനൗദ്യോഗിക ചാനലുകള്‍ വഴി നെതന്യാഹു ഐക്യ സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയതോടെ അഭിപ്രായ വ്യത്യാസം രൂക്ഷമായി. കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ചാണ് ഭിന്നിപ്പ് എന്നാണ് റിപ്പോര്‍ട്.
ഐസൻകോട്ട് പക്ഷത്തെ യിസ്രയേൽ ബെയ്തേനു പാര്‍ടി ചെയര്‍മാൻ അവിഗ്ഡോർ ലിബർമാൻ ഇതിനെതിരെ കർശന മുന്നറിയിപ്പ് നൽകി. പുതിയ സര്‍ക്കാര്‍ രൂപീകരണം അട്ടിമറിക്കാനുള്ള തന്ത്രമാണ് നെതന്യാഹു നടത്തുന്നത് എന്ന് പ്രതികരിച്ചു. എക്സിലൂടെ പരസ്യമായാണ് പ്രതികരണം. വീണ്ടും രാജ്യത്തെ ഒരു തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാനാണ് ശ്രമം എന്നും അഭിപ്രായപ്പെട്ടു.
ലിക്കുഡുമായി ചേർന്ന് സർക്കാർ രൂപീകരിച്ചാൽ പോലും ഏതാനും മാസങ്ങൾക്കുള്ളിൽ പ്രതിസന്ധിയുണ്ടാക്കി തെരഞ്ഞെടുപ്പിന് വഴിയൊരുക്കാൻ നെതന്യാഹു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ,
സഖ്യകക്ഷികളായ ലിബർമാൻ, ഡെമോക്രാറ്റ്സ് ചെയർമാൻ യെയർ ഗോലാൻ എന്നിവരുടെ അനുമതിയില്ലാതെ നെതന്യാഹുവുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കില്ലെന്ന് ഐസൻകോട്ട് ആവര്‍ത്തിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ച് തവണ ലിക്വിഡ് പാര്‍ടിയും യാഷര്‍ പാര്‍ടിയും പ്രതിനിധി തല ചർച്ചകള്‍ നടത്തിയിട്ടുണ്ട്. തീവ്ര ഓർത്തഡോക്സ് പാർട്ടിയായ യുണൈറ്റഡ് തോറ ജൂതയേയും (United Torah Judaism), മിതവാദ അറബ് പാർട്ടിയായ റാ'മിനെയും (Ra'am) ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കാനുള്ള നീക്കവും ഐസൻകോട്ട് പക്ഷം തുടരുന്നു.








0 comments