ഇന്ത്യ–വിൻഡീസ് ഏകദിനം: കോഹ്‍ലിയും രോഹിത്തും നാളെ തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- വെസ്‌റ്റിൻഡീസ് ഒന്നാം ഏകദിന മത്സരത്തിനായി ഇരു ടീമുകളും നാളെ തലസ്ഥാനത്തെത്തും. രോഹിത് ശർമയും വിരാട് കോഹ്‌ലിയുമാണ് ശ്രദ്ധാകേന്ദ്രം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ച രണ്ട് മണി മുതലാണ് മത്സരം.
കനത്ത സുരക്ഷാ വലയത്തിലായിരിക്കും താരങ്ങളെ താമസസ്ഥലങ്ങളിലേക്ക് എത്തിക്കുക. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും വെസ്‌റ്റിൻഡീസ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, താരങ്ങൾ താമസിക്കുന്ന ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും സിറ്റി പൊലീസും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സംയുക്തമായി വിപുലമായ തയ്യാറെടുപ്പുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിൽ കാണികൾക്കായി എല്ലാവിധ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‍ലി, ഋതുരാജ് ഗെയ്ക്‌വാദ്, കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ഔഖിബ് നബി, യശസ്വി ജയ്സ്വാൾ, നമൻ ധീർ.









0 comments